യുഡിഎഫ് എംപിമാര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. യുഡിഎഫ് എംപിമാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിന്റെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ സംയുക്തമായി നിവേദനം കൊടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എംപിമാരുടെ യോഗത്തില്‍ എല്ലാ കക്ഷികളും അനുകൂലമായി പ്രതികരിച്ചു. എന്നാല്‍ നിവേദവത്തില്‍ ഒപ്പുവയ്ക്കുവാനും ഒരുമിച്ച് പോകുവാനും യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല.

അതേസമയം യുഡിഎഫിന് 18 എംപിമാര്‍ ഉണ്ടായിട്ടും സംസ്ഥാനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ ഒന്നിച്ച് പോരാടാം എന്നാണ് തീരുമാനിച്ചത്. യോഗത്തിന്റെ മിനിട്ട്‌സില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.