സി എം രവീന്ദ്രന്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ലെന്ന് സൂചന. കോവിഡാനന്തര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ലാത്തതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കാത്തത്.

രവീന്ദ്രന്റെ പരിശോധനകള്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്‌നം ഗുരുതരമാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ചികിത്സ നല്‍കുന്നതെന്നും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനാകില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസതടസം അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചത്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നുവെന്ന് ഇന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. എക്‌സ് റേയും സിടി സ്‌കാനും അടക്കമുള്ള കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരുമെന്നാണ് ആശുപത്രിയില്‍നിന്ന് ലഭിക്കുന്ന വവിരം. ഈ പരിശോധനകളുടെ ഫലം വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധിച്ചശേഷം മാത്രമേ ചികിത്സ തുടങ്ങാന്‍ കഴിയൂ.

അതേസമയം നാളെ ഇഡിക്കു മുന്‍പില്‍ ഹാജരാകുമോ ഇല്ലയോ എന്നത് സംബന്ധിച്ച് രവീന്ദ്രന്‍ ആരോടും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇഡി രവീന്ദ്രന് നോട്ടീസ് അയച്ചിരിക്കുന്നത്.