സുജിത്തിനായുള്ള രക്ഷാപ്രവർത്തനം ടിവിയിൽ കണ്ടിരിക്കെ സ്വന്തം മകൾ ബക്കറ്റിലെ വെള്ളത്തിൽ ജീവനായി പിടഞ്ഞതറിഞ്ഞില്ല

കുഴൽക്കിണറിൽ വീണു മരിച്ച സുജിത്തിന്റെ വേർപാടിന്റെ വേദനയ്ക്കിടെ തേങ്ങലായി രേവതി സഞ്ജന. തിരുച്ചിറപ്പള്ളി രക്ഷാദൗത്യം വേദനയോടെ ടിവിയിൽ കണ്ടിരിക്കെ സ്വന്തം മകൾ ജീവനു വേണ്ടി പിടയുന്നത് മാതാപിതാക്കൾ അറിഞ്ഞില്ല.

ത്രസ്പുരത്തെ വീട്ടിലെ കുളിമുറിയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണാണു തിങ്കളാഴ്ച രാത്രി രണ്ടുവയസ്സുകാരി മരിച്ചത്.

തിരുച്ചിറപ്പള്ളിയിൽനിന്ന് 45 കിലോമീറ്റർ അകലെ മണപ്പാറയിലെ നാടുകാടുപ്പെട്ടി ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുജിത്ത് എന്ന രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീഴുന്നത്. വൈകിട്ട് 5.40നാണു മുറ്റത്തു ക‌ളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴൽ കിണറിൽ വീണത്.

ആദ്യം 25 അടി‌‌യിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 100 അടിയിലേക്കു വീ‌ണു. കുഴൽ കിണറിന്റെ ആഴം ആഴം 600 അടിയാണ്. നാലരദിവസം രക്ഷാദൗത്യം നീണ്ടെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.