എട്ട് വര്‍ഷത്തിനുള്ളില്‍ ചൈന അമേരിക്കയെ മറികടക്കും; ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

അമേരിക്കയെ മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എട്ടുവര്‍ഷത്തിനുള്ളില്‍ 2028ല്‍ ചൈന അമേരിക്കന്‍ സമ്പദ്ഘടനയെ മറികടക്കുമെന്നാണ് സര്‍വ്വേ ഫലം. വേള്‍ഡ് ഇക്കണോമിക്‌സ് ലീഗ് ടേബിളാണ് സര്‍വ്വേ ഫലം പുറത്തുവിട്ടത്. 193 രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് വിശദമായി പഠനവിധേയമാക്കിയാണ് സര്‍വ്വേ ഫലം പുറത്തു വിട്ടിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി നിലവിലെ സാഹചര്യങ്ങളെ മാറ്റിമറിച്ചെന്നും കാര്യങ്ങള്‍ ചൈനയ്ക്ക് അനുകൂലമായി നില്‍ക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ചൈന അതിവേഗം വളര്‍ച്ച പ്രാപിക്കുമെന്നും പ്രതീക്ഷിച്ചതിലും അരപ്പതിറ്റാണ്ട് മുന്‍പേ ലോക സമ്പദ്ഘടനയെ മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയെക്കുറിച്ചും സര്‍വ്വേയില്‍ പരാമര്‍ശമുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ടിനെ പിന്തള്ളിയാകും ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കെത്തുക. പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും സര്‍വ്വേയില്‍ പറയുന്നു. 2027 ല്‍ ജര്‍മനിയേയും 2030 ല്‍ ജപ്പാനേയും ഇന്ത്യ മറി കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.