തെരുവിലിട്ട് ഭാര്യയെ അടിച്ചുകൊന്നു; ചെറുവിരല്‍ പോലും അനക്കാതെ ജനം നോക്കി നിന്നു

ഇത് മൊബൈല്‍ യുഗമാണ്. എന്ത് സംഭവിച്ചാലും ലോകം തന്നെ ഇടിഞ്ഞുവീണാലും അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന മട്ടില്‍ മബൈലില്‍ തലകുമ്പിട്ടിരിക്കുന്ന ഒരു ജനത. അതിന്റെ പരിണിത ഫലമെന്നോണം അതിക്രമങ്ങളും അനാശാസ്യങ്ങളും വര്‍ദ്ദിക്കുകയാണ്. ഇതിനുദാഹരണമായി വീണ്ടുമൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ് ചൈനയില്‍ നിന്ന്. തെരുവില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഒരാള്‍ തന്റെ ഭാര്യയെ അടിച്ചുകൊല്ലുന്ന ക്രൂരമായ കാഴ്ചയാണ് ഇത്. പട്ടാപ്പകല്‍ ഒരാള്‍ ഒരു മനുഷ്യജീവിയെ ക്രൂരമായി തല്ലിച്ചതച്ച് കൊന്നുകളഞ്ഞിട്ടും ചെറുവിരല്‍ പോലുമനക്കാതെ അത് നോക്കി നില്‍ക്കുകയാണ് ജനക്കൂട്ടം ചെയ്തത്.

ശനിയാഴ്ച നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ഞായറാഴ്ച സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഒരു തെരുവ് മുഴുവന്‍ നോക്കി നിന്നിട്ടും ആരും ചെറുവിരല് പോലും അനക്കാതിരുന്നത് എന്തൊരു ക്രൂരതയാണെന്ന് വീഡിയോ കണ്ടവര്‍ പ്രതികരിക്കുന്നു. അയാളുടെ കൈയ്യില്‍ മെഷീന്‍ ഗണ്‍ ഒന്നും ഉണ്ടായിരുന്നില്ല, എന്നിട്ടും ആരും എന്തേ അയാളെ തടയാന്‍ മുന്നോട്ടുവന്നില്ല എന്ന ചോദ്യം വ്യാപകമായി പ്രചരിക്കുന്നു.

ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ ഒരു വാഹനത്തില്‍ ഇടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നത് ആ തെരുവിലെ മുഴുവന്‍ ജനങ്ങളും നോക്കി നില്‍ക്കെയായിരുന്നു. ലക്ഷക്കണക്കിനാളുകളാണ് ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞത്. പ്രതി അറസ്റ്റിലായതാണ് ലഭിക്കുന്ന വിവരം. 2015ലാണ് ഗാര്‍ഹിക പീഡനം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ട് ചൈന പ്രത്യേക നിയമം പാസാക്കിയത്.