പോരിനൊരുങ്ങി ചൈനീസ് യുദ്ധകപ്പൽ ശ്രീലങ്കൻ തീരത്തേക്ക്

ന്യൂഡൽഹി. തായ്‌വാനുമായി യുദ്ധ സമാന സാഹചര്യം നില നിൽക്കുന്നതിനിടെ, ശ്രീലങ്കൻ തുറമുഖത്തിലേക്ക് ചൈനീസ് കപ്പൽ. ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റുകളും ട്രാക്ക് ചെയ്യാൻ കഴിവുള്ള കപ്പലാണ് ശ്രീലങ്കയിൽ ചൈന നിർമ്മിച്ച തുറമുഖം ലക്ഷ്യമാക്കി എത്തുന്നത്. ചൈനയുടെ പുതിയ നീക്കം ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. സുരക്ഷാ സംവിധാനങ്ങൾക്ക് ചൈനീസ് കപ്പൽ ഭീഷണിയാകുമോ യെന്ന് നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ഓഗസ്റ്റ് 11നോ 12നോ ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്തിൽ യുവാൻ വാങ് ക്ലാസ് ഷിപ്പ് എത്തുമെന്നാണ് കരുതുന്നത്. 400 പേരടങ്ങുന്ന സംഘം കപ്പലിലുണ്ട്. ശ്രീലങ്കൻ തുറമുഖത്തിൽ കപ്പൽ വിന്യസിക്കുകയാണെങ്കിൽ ഇന്ത്യൻ സാറ്റലൈറ്റ് സംവിധാനങ്ങളെയും മിസൈൽ പരീക്ഷണങ്ങളെയും നിരീക്ഷിക്കാൻ കപ്പലിന് കഴിയുമെന്നാണ് നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചൈനീസ് കപ്പൽ പുറപ്പെട്ട വിവരം ശ്രീലങ്കൻ അധികൃതരും സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാവിലെ, തായ്‌വാൻ തീരത്ത് ചൈന മിസൈൽ പ്രയോഗം നടത്തിയിരുന്നു. അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിറകെയായിരുന്നു ഈ ആക്രമണം. ഇതിന് പിന്നാലെയാണ് ചൈന പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്. ചൈനയുടേത് സമാധാനം തകർക്കുന്ന യുക്തിരഹിതമായ പ്രവർത്തനമാണെന്ന് തായ്പേയ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.

‘തായ്വാന്റെ വടക്ക് കിഴക്ക്, തെക്ക്-പടിഞ്ഞാറ് തീരങ്ങളിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു.’ എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ച ശേഷമാണ് ചൈനയുടെ ഈ നീക്കം പുറത്ത് വന്നിരിക്കുന്നത്. എന്നാൽ, ആക്രമണം നടന്ന മേഖല കൃത്യമായി എവിടെയാണെന്ന് തായ്വാൻ സൈന്യം വ്യക്തമാക്കിയിട്ടില്ല. വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി മിസൈലുകൾ പ്രയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ‘തായ്വാൻ ദ്വീപിന്റെ കിഴക്കൻ ഭാഗത്ത് നിശ്ചയിച്ച സ്ഥലത്ത് മിസൈൽ പ്രയോഗം നടത്തി’യെന്ന് ചൈനയുടെ ഈസ്റ്റേൺ തീയേറ്റർ കമാൻഡ് വക്താവ് കേണൽ ഷിയി ആണ് പറഞ്ഞിട്ടുള്ളത്. എല്ലാ മിസൈലുകളും കൃത്യമായി ലക്ഷ്യത്തിലെത്തിയെന്നും ഷിയി കൂട്ടിച്ചേർത്തു.

തായ്വാൻ മേഖലയിൽ സൈനിക അഭ്യാസം നടത്തുമെന്ന് അമേരിക്കൻ പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ ചൈന അറിയിച്ചിരുന്നു. സൈനിക അഭ്യാസം നടത്തുന്ന പ്രദേശങ്ങളുടെ ഭൂപടം ഉൾപ്പെടെ പങ്കുവെച്ചാണ് ചൈന ഇക്കാര്യം അറിയിക്കുകയുണ്ടായത്. മേഖലയിൽ അമേരിക്ക സമാധാനാന്തരീക്ഷം തകർക്കുകയാണെന്നും ഇതിനുള്ള മറുപടി നൽകുമെന്നുമായിരുന്നു ചൈന നൽകിയ മുന്നറിയിപ്പ്.