മുസ്ലിം വിസിയെ ജലീൽ നിയമിച്ചത് സ്വന്തം സമുദായത്തിന് വേണ്ടി.

തിരുവനന്തപുരം. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമന വിവാദവുമായി ബന്ധപെട്ടു, മുസ്ലീം വിഭാഗത്തില്‍ നിന്നും ഒരാളെ വിസി ആക്കണമെന്നതുകൊണ്ടാണ് മുസ്ലിം വിസിയെ നിയമിച്ചതെന്ന് ജലീല്‍ തുറന്നു പറഞ്ഞതായി മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ വെള്ളാപ്പള്ളി നടേശന്റെ ഗുരുതരമായ വെളിപ്പെടുത്തൽ. ജയിച്ച് നിയമ സഭയിലെത്തിയ ജലീലിന്റെ നിലനിൽപ്പിനു വേണ്ടിയായിരുന്നു ഇതെന്നും പറഞ്ഞിട്ടുണ്ട്. മലപ്പുറത്ത് നിന്ന് തിരുവനന്തപുരം കേസരി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ മാസമാണ് സംഭവം നടന്നതെന്നും തന്റെ വീട്ടില്‍ നേരിട്ടെത്തിയപ്പോഴാണ് ജലീല്‍ ഇക്കാര്യം പറഞ്ഞതെന്നും,സംഭവത്തിന്റെ സാക്ഷിയായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉണ്ടായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. ‘ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ജലീലിനോട് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. വിസിയായി ഒരു മുസ്ലിമിനെ നിയമിച്ചു. ഒരു എംബ്ലം വയ്ക്കാന്‍ ഒരു വര്‍ഷമെടുത്തു. അടുത്തിടെ കണ്ടപ്പോഴാണ് ജലീല്‍ കാര്യം തുറന്നുപറഞ്ഞത്.

‘കേരളത്തില്‍ ഒരു സര്‍വകലാശാലയിലും അന്ന് ഒരു മുസ്ലിം വിസിയില്ലായിരുന്നു. അതുകൊണ്ടു ശ്രീനാരായണ സര്‍വകലാശാലയില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ഒരാളെ നിയമിക്കേണ്ടി വന്നു. മലപ്പുറത്ത് നിന്ന് ജയിച്ചയാള്‍ക്ക് നിൽപ്പ് വേണമല്ലോ. മലപ്പുറത്ത് അദ്ദേഹം ജയിച്ചത് ഈഴവവോട്ടു കൊണ്ടല്ലല്ലോ. തന്റെ സമുദായത്തിന് വേണ്ടി അത് ചെയ്തു എന്നു ജലീല്‍ പറഞ്ഞപ്പോള്‍ അക്കാര്യത്തില്‍ അദ്ദേഹം മാന്യനാണ് എന്ന് തോന്നി. ഞാനും എന്റെ സമുദായത്തിന് വേണ്ടി വാദിക്കാറുണ്ടല്ലോ. അങ്ങനെ നോക്കിയാല്‍ അതാണ് ശരി’ – വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ മന്ത്രിയെന്ന നിലയില്‍ ജലീല്‍ ചെയ്തത് സത്യപ്രതിജ്ഞാലംഘനമല്ലേ എന്ന ചോദ്യത്തിന് അതൊന്നും എനിക്കറിയില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി പറഞ്ഞത്. ‘തന്നെ കണ്ടതും ഇപ്പറഞ്ഞതുമെല്ലാം സത്യമാണെന്നും ഏതു കോടതിയിലും ഇക്കാര്യം പറയാന്‍ താന്‍ തയ്യാറാണെന്നും’ വെള്ളാപ്പള്ളി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെ വിസി നിയമനത്തില്‍ താന്‍ മതം നോക്കിയെന്ന ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാലംഘനമാണെന്നു ചൂണ്ടിക്കാട്ടപ്പെടുകയാണ്.

മതപരമായ വേര്‍തിരിവ് പാടില്ലെന്നതടക്കമുള്ള ഭരണഘടനാതത്വങ്ങള്‍ മുറുകെപിടിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി മതത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നിയമനം നടത്തിയെന്നത് ഗുരുതരമായ ആരോപണം ആണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായി മുബാറക്ക് പാഷയെ നിയമിച്ചതില്‍ സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന് കടുത്ത അതൃപ്തിയും അമര്‍ഷവും ഉണ്ട്.