ഛത്തീസ്ഢില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ, ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

റായ്പൂർ : ഛത്തീസ്ഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ വധിച്ചു. ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിൽ സുരക്ഷാസേനയും മവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. ഇയാളിൽ നിന്ന് ആയുധവും പിടിച്ചെടുത്തു. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു

സുരക്ഷാ സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഇക്കഴിഞ്ഞ 18-നും സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് തുടർച്ചയായി മാവോയിസ്റ്റ് ആക്രമണങ്ങൾ ഉണ്ടാകുന്നതിനാൽ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.

കഴിഞ്ഞ 23-ന് ഛത്തീസ്ഗഢിലെ ബിജാപൂരിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ എന്നീ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. ഈ മാസം 10-ന് ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.