ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കുന്നതില്‍ തര്‍ക്കം; കല്ലേറ്; നീമുച്ചില്‍ നിരോധനാജ്ഞ

ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ നീമുച്ച് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീമുച്ചിലെ പഴയ കോടതി പരിസരത്ത് മുസ്ലിം ആരാധനാലയത്തോട് ചേര്‍ന്ന് ഒരുവിഭാഗമാളുകള്‍ ഹനുമാന്‍ പ്രതിമ സ്ഥാപിച്ചതാണ് തര്‍ക്കങ്ങളുടെ തുടക്കം. പ്രശ്‌നം വാക്കേറ്റത്തിലേക്കും കല്ലേറിലേക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും വഴിവെച്ചു. പൊലീസെത്തി കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെയാണ് സംഘര്‍ഷം നിയന്ത്രിക്കാനായത്.

സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നേഹ മീണ നീമുച്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ഘോഷയാത്ര, ധര്‍ണ, ഒത്തുചേരല്‍ എന്നിവ നടത്താന്‍ പാടുള്ളതല്ല. അനുമതിയില്ലാതെ മേഖലയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

നീമുച്ചില്‍ മുസ്ലിം ആരാധനാലയത്തോട് ചേര്‍ന്നാണ് ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചതെന്ന് നീമുച്ച് എസ്പി സുരാജ് കുമാര്‍ പറഞ്ഞു. ഇതാണ് സംഘര്‍ഷത്തിലേക്കെത്തിയത്. ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും മൂന്ന് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. അതേസമയം ആര്‍ക്കുമെതിരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു