ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും, ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം

താനൂര്‍: താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായ 22 പേരുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം നല്‍കും. ബോട്ട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗത്തിനു പിന്നാലെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സാങ്കേതിക വിദഗ്ധരടക്കം ഉള്‍പ്പെട്ട ജുഡീഷ്യല്‍ കമ്മീഷനാകും അന്വേഷണം നടത്തുക.

അപകടത്തിൽപ്പെട്ട് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. വാക്കുകളില്‍ രേഖപ്പെടുത്താനാകാത്ത വന്‍ ദുരന്തമാണ് താനൂരില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ചികിത്സയില്‍ കഴിഞ്ഞ 10 പേരില്‍ രണ്ടുപേര്‍ ആശുപത്രിവിട്ടു. എട്ടുപേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആശ്വസിപ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദുഃഖകരമായ സംഭവമാണ് നടന്നത്.

അപകടത്തിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്തുനല്‍കിയാലും അതൊന്നും അവര്‍ക്ക് നേരിടേണ്ടിവന്ന നഷ്ടത്തിന് പരിഹാരമാകില്ല. മരിച്ചവരുടെ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപവീതം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ബോട്ടുമായും യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങളടക്കം അന്വേഷണത്തിന്റെ പരിധിയില്‍ വരേണ്ടതുണ്ട്. അതിനാല്‍ സാങ്കേതിക വിദഗ്ധരടക്കം ഉള്‍പ്പെട്ടതാവും ജുഡീഷ്യല്‍ കമ്മീഷന്‍. പോലീസ് അന്വേഷണവും അപകടത്തെക്കുറിച്ച് നടക്കും. പ്രത്യേക പോലീസ് സംഘമാകും അന്വേഷണം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.