വന്ദേഭാരതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതികളുടെ ഉദ്ഘാടകനായി പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ പദ്ധതികള്‍ കേരളത്തിനായി പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തയ്യാറാക്കിയ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും രാജ്യത്തെ ആദ്യ വാട്ടര്‍മെട്രോയും സംസ്ഥാനത്തിന്റെ അഭിമാനനേട്ടങ്ങളാണ്. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് സഹകരണ ഫെഡറലിസത്തെ ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പറഞ്ഞു.

വന്ദേ ഭാരതിന് ആശംസ അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കഥകളിയുടെയും കളരിപ്പയറ്റിന്റെയും മണ്ണിൽ വന്ദേ ഭാരത് എത്തുന്നത് ആകർഷണീയമാണ്. ആയൂർവേദത്തിന്റെ മനോഹര ഇടത്താണ് വന്ദേ ഭാരത് അവതരിപ്പിച്ചിരിക്കുന്നത്’.ഇന്ന് കേരളത്തിലെ യുവജനങ്ങൾ ‘അടിപൊളി’ എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. അടിപൊളി വന്ദേഭാരതിൽ അടിപൊളി എക്‌സ്പീരിയൻസ് നൽകുമെന്നും അദ്ദേഹം മലയാളത്തിൽ പറഞ്ഞു.