കോൺഗ്രസ് തകരുന്ന കൂടാരം, നേതാക്കൾ സിപിഎമ്മിലേക്കു വരുന്നതു തുടരും; പിണറായി വിജയന്‍

കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എമ്മിലെത്തുന്നത് ആരോഗ്യകരമായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത് സ്വാഭാവികമാണെന്നും കോണ്‍ഗ്രസ് തകര്‍ച്ചയുടെ കൂടാരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനപ്പെട്ട നേതാക്കള്‍ തന്നെ സി.പി.എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചത് നല്ലമാറ്റമാണ്. ഇന്നലത്തോടു കൂടി അവസാനിച്ചെന്നു കരുതിയപ്പോള്‍ ഇന്ന് മറ്റൊരു പ്രധാനി സി.പി.എമ്മിലെത്തിയ വാര്‍ത്ത വന്നു. ഈ പ്രവണത ശക്തിപ്പെടും. നാളെ എന്തു നടക്കുമെന്ന് കാത്തിരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പരസ്യപ്രതികരണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനില്‍കുമാറിന്‍റെ രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.

കെ.പി അനില്‍കുമാറിന് പിന്നാലെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി. രതികുമാറും ഇന്ന് പാര്‍ട്ടി വിട്ടു. സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്കു കാരണമെന്നാണ് രതികുമാറിന്‍റെ വിശദീകരണം. നാല്‍പ്പതു വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായ താന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതായും സംഘടനാപരമായ പല വിഷയങ്ങളും നേരിട്ട് അറിയിക്കാന്‍ ശ്രമിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞില്ലെന്നും കെ.പി.സി.സി പ്രസിഡണ്ടിനയച്ച കത്തില്‍ രതികുമാര്‍ ആരോപിച്ചു.