കര്‍ഷക പ്രക്ഷോഭത്തില്‍ സുപ്രിംകോടതി ഇടപെടുന്നു; സമിതിയെ നിയോഗിച്ചേക്കും

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ബുദ്ധിമുട്ടുകളുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രിംകോടതി ഇടപെടല്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമിതിയെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ മുഴുവന്‍ കര്‍ഷക സംഘടനകള്‍ക്കും നിലപാട് അറിയിക്കാന്‍ കോടതി അവസരം നല്‍കിയിട്ടുണ്ട്. കേസ് കോടതി നാളെ പരിഗണിക്കും.

കര്‍ഷകര്‍ക്കും അവരുടെ താത്പര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ എതിരല്ല, എന്നതിനാല്‍ ബില്ലുകളില്‍ ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളോട് നിര്‍ദേശിക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കര്‍ഷക സമരത്തിനെതിരെ ഡല്‍ഹിയില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ് പോലീസ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് തടയുന്നതിനായി ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ് നീക്കം.

അതേസമയം എന്തു സംഭവിച്ചാലും പിന്‍വാങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദിവസേനെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്നത്. ഗ്രാമങ്ങള്‍ ചുറ്റി ദീര്‍ഘമായ വഴികളിലൂടെ സഞ്ചരിച്ചാണ് കര്‍ഷകരില്‍ പലരും പ്രക്ഷോഭത്തിന് എത്തുന്നത്.