പ്രതിപക്ഷ നേതാവിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് അടിച്ചു, നോര്‍ത്ത്‌ പറവൂര്‍ സിഐക്കെതിരെ പരാതി, ഡിപ്പാർട്ട്മെന്റ് തല നടപടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം : ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് അടിച്ച നോര്‍ത്ത്‌ പറവൂര്‍ എസ്‌എച്ച്ഒ ഷോജോ വര്‍ഗീസിനെതിരെ ഡിപ്പാർട്ട്മെന്റ് തല നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ വിജിലൻസ് അന്വേഷണ വാർത്തകൾ പത്രങ്ങളെ സ്വാധീനിച്ച് ഇല്ലാതാക്കുന്നുവെന്ന ഫേസ്ബുക്ക് കുറിപ്പിന് ലൈക്ക് അടിച്ചതാണ് ഉദ്യോഗസ്ഥന് വിനയായത്.

പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെയുള്ള വിജിലന്‍സ്‌ അന്വേഷണത്തിന്റെ വാര്‍ത്തകള്‍ ചില പത്രങ്ങളെ സ്വാധീനിച്ചുകൊണ്ട്‌ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഉയർന്ന ആരോപണം. നയിബ് ഇഎം എന്ന ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ നിന്നുള്ള കുറിപ്പിനാണ് ലൈക്കടിച്ചത്. വസ്തുതാ വിരുദ്ധമായ ഈ പോസ്റ്റിനെ സാക്ഷ്യപ്പെടുത്തുന്ന നടപടിയാണ്‌ ഷോജോ വര്‍ഗീസ്‌ ചെയ്തിരിക്കുന്നതെന്ന് കാട്ടി പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്.

കേരള പൊലീസ്‌ സര്‍ക്കുലര്‍ പ്രകാരം രാഷ്ട്രീയ ചായ്വുള്ള പോസ്റ്റുകള്‍ക്ക്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ ലൈക്ക്‌ ചെയ്യാന്‍ പാടില്ല. ഉദ്യോഗസ്ഥനെതിരെ കേരളാ പൊലീസ് ഡിപ്പാർട്ടമെന്റൽ ഇൻക്വൈറീസ്, പണിഷ്മന്റ് ആൻഡ് അപ്പീൽ റൂൾസ് 1958 ചട്ടങ്ങൾ പ്രകാരം അന്വേഷണം നടത്തി തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കണം എന്നും പരാതിയിൽ പറയുന്നുണ്ട്.