കേരളം മാധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള ഇടമെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം : കേരളം മാധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സംസ്ഥാനമാണെന്ന് മന്ത്രി എം.ബി രാജേഷ്. മാധ്യമ പ്രവർത്തകർ ഭീഷണികളും ആക്രമങ്ങളും നേരിടേണ്ടി വരുന്നില്ല എന്നും എം.ബി രാജേഷ് അവകാശപ്പെട്ടു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ റിസൾട്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വളരെ സ്വതന്ത്ര്യമായി തന്നെ സർക്കാരിനെ വിമർശിക്കാൻ കേരളത്തിൽ സ്വാതന്ത്ര്യമുണ്ട്. ഉള്ളതു മാത്രമല്ല, ഇല്ലാത്തത് പറയാനും ഇവിടെ സ്വാന്ത്ര്യമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും കേസ് വന്നിരിക്കുന്നത്. വിശദാംശങ്ങൾ വന്ന ശേഷം കേസിനെപ്പറ്റി പറയാം. മാദ്ധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, നിക്ഷ്പക്ഷമാണെന്ന് പറയരുത് എന്ന് മാത്രമെന്നും എം.ബി രാജേഷ് പറയുകയുണ്ടായി.

അതേസമയം സ‍ര്‍ക്കാര്‍-എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. മാധ്യമങ്ങളെയാകെ കുറ്റപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി, സ‍ര്‍ക്കാരിന്റെ മാധ്യമ പ്രവ‍ര്‍ത്തകക്കെതിരായ നീക്കത്തെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറ‌ഞ്ഞു.