അലൻസിയർ അപമര്യാദയായി പെരുമാറി പരാതി

നടൻ അലൻസിയ‌ർ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി സംവിധായകൻ വേണു. സിനിമയിലെ സാങ്കേതിക പ്രവർത്തരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് പരാതി നൽകിയത്. ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനുവേണ്ടിയുള്ള സിനിമയായ കാപ്പ സംവിധാനം ചെയ്യുന്നത് വേണുവാണ്. ചിത്രത്തിന്റെ കഥ കേൾക്കുന്നതിനിടയിൽ നടൻ മോശമായി പെരുമാറിയെന്നാണ് വേണു ആരോപിക്കുന്നത്. ഡോൽവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ചു വാര്യർ, ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് പ്രധാന താരങ്ങൾ. അലൻസിയറിനെതിരെ നേരത്തെ മിടു ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

അഞ്ചാം വയസുമുതൽ നാടകാഭിനയം തുടങ്ങിയ അലൻസിയർ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സുഹൃത്തുക്കളുമായി ചേർന്ന് ‘നേതാജി തിയറ്റർ എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിക്കുകയുണ്ടായി. ഇവരുടെ നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തുകൊണ്ടായിരുന്നു അമച്ച്വർ നാടകരംഗത്ത് തുടങ്ങിയത്. കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. സി.പി. കൃഷ്ണകുമാറിന്റെ നാടക സംഘത്തിലും കാവാലം നാരായണ പണിക്കരുടെ സോപാനം നാടകസംഘത്തിലും കെ. രഘുവിന്റെ നാടകയോഗം നാടക സംഘത്തിലും പ്രവർത്തിച്ച അലൻസിയർ ടെലിവിഷൻ – സിനിമ രംഗത്തേക്ക് വരുന്നതുവരെ നാടകസംഘങ്ങളിൽ സജീവമായിരുന്നു.

1998 ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാകുകയും ചെയ്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡ് അലന്സിയര്ക്ക് ലഭിച്ചു.