നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്ത് വീണു, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊടുവള്ളി : വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്തുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്തു വീണായിരുന്നു അപകടം. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻദേവ് (14) ആണ് മരിച്ചത്.

കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീടിന്റെ പോർച്ചിന് മുകളിൽക്കയറി അവിടെ വൃത്തിയാക്കുന്നതിനിടെ മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിൻദേവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

നരിക്കുനിയിൽനിന്ന്‌ അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാർ സ്ലാബിനടിയിൽനിന്ന്‌ അഭിൻദേവിനെ പുറത്തെടുത്തിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.