കട്ടപ്പന ഇരട്ടക്കൊലപാതകം, കുഞ്ഞിനെ കുഴിച്ചിട്ടത് തൊഴുത്തിൽ, വിജയന്റെ ഭാര്യയും മകനും പ്രതികൾ

കട്ടപ്പന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചു. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളിൽ കുഴിച്ചുമൂടി. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്താൻ കാഞ്ചിയാറിലെ വീടിന്റെ തറ പൊളിച്ച് പരിശോധന നടത്തും.

കൊലപാതകത്തിൽ മകൻ വിഷ്ണു, ഭാര്യ സുമ എന്നിവരെ പ്രതി ചേർത്തു. രാവിലെ എട്ടുമണിയോടെ വിജയന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിക്കും. മൃതദേഹം വീട്ടിൽ കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീടിന്റെ തറ പൊളിച്ച് പരിശോധിക്കുന്നത്.

2023ലാണ് വിജയനെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിജയൻ പ്രായാധിക്യം മൂലം ജോലിക്ക് ഒന്നും പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2016ലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തുന്നത്. കുട്ടിയുണ്ടായതിന്റെ നാണക്കേട് മറക്കാനാണ് നവജാതശിശുവിനെ കൊന്നു കുഴിച്ചുമൂടിയത്. കൊല്ലപ്പെട്ട വിജയൻ കുഞ്ഞിനെ കാലിൽ തൂക്കി കുഞ്ഞിനെ നിതീഷിന് നൽകിയെന്നും തുടർന്ന് നിതീഷ് കുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. കൊന്ന ശേഷം അന്നവർ താമസിച്ചിരുന്ന വീടിന്റെ സമീപമുള്ള തൊഴുത്തിൽ കുഴിച്ചിടുകയും ചെയ്തു. അതേസമയം, മോഷണശ്രമത്തിനിടെ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വിഷ്ണുവിനെ ആശുപത്രി വിട്ട ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്ന അന്വേഷണസംഘം അറിയിച്ചു.