പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഔദ്യോഗികമായി വിജയികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്. ജോ ബൈഡനും കമലാ ഹാരിസും പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രല്‍ വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയം നേടിയതായാണ് കോണ്‍ഗ്രസ്സ് പ്രഖ്യാപനം നടന്നത്. ആറു മണിക്കൂര്‍ നേരത്തെ അക്രമത്തിനും അനിശ്ചിതത്വത്തിനും ശേഷമാണ് സഭ വീണ്ടും ചേര്‍ന്നത്.

ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രക്ഷോഭത്തിനും അതേത്തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സഭ വന്‍ സുരക്ഷാ സംവിധാനത്തിന് കീഴില്‍ വീണ്ടും ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയത്. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ കറുത്ത അദ്ധ്യായമായി മാറിയ ദിവസമെന്നാണ് സഭ പാര്‍ലമെന്റ് അതിക്രമത്തെ വിശേഷിപ്പിച്ചത്. അമേരിക്കന്‍ പാര്‍ലമെന്റും സെനറ്റും ഡെമോക്രാറ്റുകളുടെ ഇലക്ട്രല്‍ വോട്ടുകളുടെ ഭൂരിപക്ഷം ഔദ്യോഗികമായി അംഗീകരിച്ച ശേഷമാണ് പ്രഖ്യാപനം നടന്നത്.

ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് നടത്തിയ പ്രക്ഷോഭത്തില്‍ മരണം നാലായിരുന്നു. പ്രക്ഷോഭത്തെത്തത്തുടര്‍ന്ന് കലാപത്തിനാഹ്വാനം ചെയ്ത ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികളെക്കുറിച്ച് പാര്‍ലമെന്റ് ആലോചിക്കുന്നുണ്ട്്. അങ്ങനെ വന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്തുപോകുന്ന ആദ്യ പ്രസിഡന്റാകും ട്രംപ്. അരിസോണയില്‍ ജോ ബൈഡന്റെ വിജയം നിഷേധിച്ച് സമര്‍പ്പിച്ച പ്രമേയം സെനറ്റും ജനപ്രതിനിധി സഭയും തള്ളി.