ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ച് അപകടം, സംഭവം താമരശേരി ചുരത്തിൽ

കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ചുരം ഒന്നാം വളവിന് മുകളിൽ ചിപ്പിലിത്തോട് വച്ചാണ് തീപിടുത്തം ഉണ്ടായത്. ഡ്രൈവർ ക്യാബിനിന്റെ ​ഭാ​ഗത്ത് തീ കണ്ടതോടെ ഡ്രൈവർ പുറത്തിറങ്ങിയതിന്നാൽ ആളപായം ഉണ്ടായില്ല. എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

ചുരത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ടൈൽസ് കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്. സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവാകുകയാണ്. ഏറ്റവും ഒടുവിൽ കോട്ടയം വാകത്താനം പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ഉടമയ്ക്ക് ജീവൻ നഷ്ടമായിരുന്നു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു(57) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ഓഗസ്റ്റ് ഒൻപതിനായിരുന്നു സംഭവം. വീടിന് സമീപത്തുവച്ചായിരുന്നു സംഭവം. കാറിന്റെ മുൻഭാഗത്തുനിന്നാണ് തീപടർന്നത്. ഇതുകണ്ട് സാബുവിന്റെ ഭാര്യയും മക്കളും ഓടിയെത്തിയിരുന്നു. നാട്ടുകാരും അഗ്നിശമനസേനയുമൊക്കെയെത്തി തീയണച്ചാണ് സാബുവിനെ കാറിൽ നിന്ന് പുറത്തെടുത്തത്. ഉടൻ ചെത്തിപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികത്സയിലിരിക്കെ രണ്ടാം ദിവസമാണ് ദേഹം മരണപ്പെട്ടത്.