ഏക മകന്‍ മരിച്ചത് സഹിക്ക വയ്യാതെ ദമ്പതികള്‍ ജീവനൊടുക്കി

പൊള്ളാച്ചി: ഏക മകന്‍ മരിച്ച ദുഖം സഹിക്ക വയ്യാതെ ദമ്പതികള്‍ ജീവനൊടുക്കി. എസ് പൊന്നാപുരം സ്വദേശികളായ റിട്ട. കലക്ടറേറ്റ് ഓഫീസ് ജീവനക്കാരനായ 62കാരന്‍ ഗോവിന്ദരാജും ഭാര്യ റിട്ട. സര്‍വോദയ സംഘം ജീവനക്കാരി 59കാരി ധന എന്നിവരാണ് മരിച്ചത്. ഗോവിന്ദരാജിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഇവരുടെ മകന്‍ കനിഷ് പ്രഭാകരന്‍ നാല് മാസം മുമ്പ് ജീവനൊടുക്കിയിരുന്നു. 22 വയസായിരുന്നു. മകന്‍ മരിച്ചതിന്റെ ദുഖത്തിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ മൂന്നിന് രാമേശ്വരത്തേക്ക് പുറപ്പെടുകയായിരുന്നു.

ഇരുവരും ഇവിടെ മുറിയെടുത്ത് തങ്ങുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കലെ വിളിച്ച് വിവരം അറിയിച്ച ശേഷം കടലില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. പുലര്‍ച്ചെ കടലില്‍ കുളിക്കാനായി എത്തിയവരാണ് മൃതദേഹങ്ങള്‍ കണ്ടത്. രാമേശ്വരം പൊലീസ് സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.

തങ്ങളുടെ സ്വത്തുക്കള്‍ മകന്റെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങി ആളുകള്‍ക്കു സഹായം നല്‍കാന്‍ ഉപയോഗിക്കണമെന്നും മകന്‍ അതിലൂടെ ജീവിക്കുമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് ഇവരുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തി.