ആയിരത്തോളം പേര്‍ക്ക് വീണ്ടും കൊവിഡ്:ചൈനയില്‍ വീണ്ടും ആശങ്ക

ചൈനയില്‍ പുതുതായി ആയിരത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചോയെന്ന ആശങ്കയിലാണ് അധികൃതര്‍ ഇപ്പോള്‍. കഴിഞ്ഞദിവസം 63 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 61 പേരും പുറത്തുനിന്നും വന്നവരാണെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

വ്യാഴാഴ്ച കോവിഡ് ബാധിച്ച് രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചൈനയില്‍ കോവിഡ് മരണം 3335 ആയി. പുതുതായി രോഗം കണ്ടെത്തിയത് 1104 പേരിലാണ്. ഇതോടെ രണ്ടുഘട്ടങ്ങളിലായി മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 81,865 ആയതായും നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി.

വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാന്‍ കൊറോണ മുക്തമായതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച പൂര്‍ണമായും തുറന്നിരുന്നു. 76 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചാണ് വുഹാന്‍ തുറന്നുകൊടുത്തത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച ബുധനാഴ്ച 6,20,000 പേരാണ് പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.