രാജ്യത്തെ കോവിഡ് മരണനിരക്ക് തള്ളിപ്പറഞ്ഞ് സർക്കാർ

ഡല്‍ഹി∙ ഔദ്യോഗികമായി 5.21 ലക്ഷം പേരാണ് ഇന്ത്യയിൽ കോവിഡ് മൂലം മരിച്ചത്. എന്നാൽ, സുപ്രീം കോടതിയിലെത്തിയ കണക്കുകളും വിവിധ പഠനങ്ങളും അടിസ്ഥാനമാക്കിയാൽ ഇതിലും വളരെയധികമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

സർക്കാരുകൾ പുറത്തുവിടുന്ന ഔദ്യോഗിക മരണസംഖ്യ സത്യമല്ലെന്നു സുപ്രീം കോടതി തന്നെ നിരീക്ഷിച്ചതാണ്. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇത്. ഇതേ കേസിൽ വിവിധ സംസ്ഥാനങ്ങൾ സമർപ്പിച്ച സത്യവാങ്മൂലത്തിലുമുണ്ടായിരുന്നു വൈരുധ്യങ്ങൾ. തെലങ്കാനയിൽ കോവിഡ് മരണത്തിനു നഷ്ടപരിഹാരം തേടിയെത്തിയത് ഔദ്യോഗിക കണക്കിലുള്ളതിനെക്കാൾ ഏഴിരട്ടി അപേക്ഷകൾ.

ഗുജറാത്തിൽ ഒൻപത് ഇരട്ടി. കേരളം മുതൽ ഉത്തർപ്രദേശ് വരെയുള്ള സംസ്ഥാനങ്ങളിലും ശരിയായ കണക്കല്ല സർക്കാർ പറയുന്നതെന്നും സുപ്രീം കോടതിയിലെ രേഖകളിൽ വ്യക്തം.