പടര്‍ന്ന് പടര്‍ന്ന് കോവിഡ്, രാജ്യത്ത് 24 മണിക്കൂറിനിടെ 15,968 പേര്‍ക്ക് രോഗം, 465 മരണം

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 15,968 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു. പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 4,56,183 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 465 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ കോവിഡ് മരണം 14,476 ആയി. അതേ സമയം 2,58,685 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ രോഗമുക്തി 56.7 ശതമാനമാനമായി വര്‍ദ്ധിച്ചു.

ജൂണ്‍ 23 വരെ 73,52,911 സാംപിളുകളും 24 മണിക്കൂറിനിടെ 2,15,195 സാംപിളുകളും പരിശോധിച്ചുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.അതേ സമയം രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ഐസിഎംആര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 1,39,010 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്. 6,531 പേരാണ് ഇവിടെ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഡല്‍ഹിയില്‍ ഇതുവരെ 66,602 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 2,301 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 24,988 പേര്‍ ഇപ്പോഴും ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തമിഴ്‌നാട്ടില്‍ 64000 ത്തിലേറെ രോഗികളുണ്ട്. മരണസംഖ്യ 900ത്തിലേക്ക് അടുക്കുകയാണ്.