കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 15-ാം തീയതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 ആയേക്കാം. മരണനിരക്ക് 0.5 ആയി ഉയര്‍ന്നേക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകനയോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജനങ്ങള്‍ തമ്മില്‍ ഇടപഴകല്‍ വര്‍ധിച്ചതും സ്‌കൂളുകളും കോളജുകളും തുറക്കുന്നതുമാണു കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുന്ന കാരണങ്ങളെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 0.4 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. നിലവില്‍ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്.

ഐസിഎംആര്‍ സിറോ സര്‍വേയുടെ മൂന്നാം ഘട്ടം കേരളത്തില്‍ പൂര്‍ത്തിയായി. നേരത്തേ സര്‍വേ നടത്തിയ എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ തന്നെയാണു സര്‍വേ നടത്തിയത്. മേയില്‍ നടത്തിയ ആദ്യഘട്ട സര്‍വേയില്‍ 0.33 ശതമാനവും ഓഗസ്റ്റില്‍ നടത്തിയ സര്‍വേയില്‍ 0.8 ശതമാനവുമായിരുന്നു കേരളത്തിലെ പോസിറ്റീവ് നിരക്ക്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട സിറോ സര്‍വേ ഈ മാസം നടക്കും.

കോവിഡ് ബാധിതരെ കണ്ടെത്താനുള്ള പരിശോധനകളില്‍ ആര്‍ടി-പിസിആര്‍ കുറയ്ക്കാനും ആന്റിജന്‍ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്റിജന്‍ ടെസ്റ്റുകള്‍ക്കു മികച്ച ഫലപ്രാപ്തിയുണ്ടെന്നാണു വകുപ്പിന്റെ വിലയിരുത്തല്‍. കോവിഡ് സാധ്യത കൂടുതലുള്ളവര്‍ക്കും ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിട്ടും രോഗലക്ഷണമുള്ളവര്‍ക്കും മാത്രമായി ആര്‍ടിപിസിആര്‍ പരിശോധന പരിമിതപ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകരുടെ അമിതജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പരിശോധനാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നത്.