കാറിനുള്ളിൽ മാരകായുധങ്ങളും കഞ്ചാവും ; സിപിഎം പ്രദേശിക നേതാവും സഹായികളും അറസ്റ്റിൽ

എറണാകുളം: സിപിഎം പ്രദേശിക നേതാവും സഹായികളും പോലീസ് പിടിയിൽ. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് മാരകായുധങ്ങളും ലഹരിമരുന്നും കണ്ടെത്തി. തൊടുപുഴ കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി അൻസൽ അഷ്‌റഫ് എന്നിലരാണ് പിടിയിലായത്.

ഇവരുടെ പക്കൽ നിന്നും മൂന്ന് കിലോ കഞ്ചാവും ആയുധങ്ങളും കണ്ടെടുത്തു. അറസ്റ്റിലായ മജീഷ് മജീദ് സിപിഎം പ്രദേശിക പ്രവർത്തകനാണ്. പ്രതികൾ കഞ്ചാവ് സൂക്ഷിച്ച കാറും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. തൊടുപുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരവരും അറസ്റ്റിലായത്.

ലഹരിക്കടത്ത് കേസുകളിൽ സിപിഎം പ്രവർത്തകർ അറസ്റ്റിലാകുന്നത് പാർട്ടിക്ക് അകത്തും പുറത്തും വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സി.പി.എം. നേതാവ് എ.ഷാനവാസിന്‍റെ പങ്കിനെച്ചൊല്ലി നിയമസഭയിലും കഴിഞ്ഞ ദിവസം പ്രതിപക്ഷം സർക്കാരുമായി ഏറ്റുമുട്ടിയിരുന്നു. സി പി.എമ്മില്‍ ഒരുകൂട്ടം നേതാക്കള്‍ ചവിട്ടുപടി കയറുന്നത് ലഹരിപ്പണം കൊണ്ടാണെന്ന കോണ്‍ഗ്രസ് അംഗം മാത്യു കുഴല്‍നാടന്‍റെ ആരോപണം മുഖ്യമന്ത്രിയെയും രോഷാകുലനാക്കി.