രാജകുമാരി ഗ്രൂപ്പിന്റെ സ്ഥാപങ്ങളിലും വീടുകളിലും ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്

തിരുവനന്തപുരം . തെക്കൻ കേരളത്തിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ രാജകുമാരി ഗ്രൂപ്പിന്റെ സ്ഥാപങ്ങളിലും ഡിയറക്ടർമാരുടെ വീടുകളിലും ആദായനികുതി വകുപ്പിൻ്റെ വ്യാപക പരിശോധന. ജനുവരി 31ന് രാവിലെ ആറ് മുതൽ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

വസ്ത്രശാലകൾ, സ്വർണശാലകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലും ഡയറക്ടർമാരുടെ വീടുകളിലും ഓഫീസുകളിലും ഒരേസമയത്ത് പരിശോധന ആരംഭിക്കുന്നത്. ഇൻ കം ടാക്സ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് പരിശോധന നടന്നു വരുന്നത്. സുരക്ഷക്ക് ലോക്കൽ പോലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായിട്ടുള്ള രാജകുമാരി ഗ്രൂപ്പിൻ്റെ എല്ലാ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുകയാണ്.

തിരുവനന്തപുരം, ആറ്റിങ്ങൽ, കല്ലമ്പലം, പോത്തൻ കോട്, പാരിപ്പള്ളി, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ മൂന്നു ദിവസങ്ങളായി അടച്ചിട്ടാണ് പരിശോധനകൾ നടന്നു വരുന്നത്. ഡയറക്ടർമാർക്ക് വീടുകളിൽ നിന്നും പുറത്തു പോകാനോ മറ്റാരെയെങ്കിലും ബന്ധപ്പെടാനുള്ള സാഹചര്യവും തടഞ്ഞിരിക്കുകയാണ്.

വളരെ ചെറിയ നിലയിൽ തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് വളർന്ന സ്ഥാപനമാണ് രാജകുമാരി ഗ്രൂപ്പ്. വൻ തോതിൽ നകുതി വെട്ടിപ്പ് നടക്കുന്നുവെന്നതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണു വിവരം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മുമ്പും ഇവിടെ പരിശോധന നടന്നിരുന്നു. എന്നാൽ ഇത്രയും വിപുലവും വ്യാപകവുമായ പരിശോധന ആദ്യമാണ്.