സയനോരയ്ക്ക് പിന്തുണ അറിയിച്ച് വീഡിയോ പങ്കുവെച്ച സിത്താര കൃഷ്ണകുമാറിനെതിരെയും സൈബര്‍ ആക്രമണം

കഴിഞ്ഞ ദിവസമാണ് ഗായിക സയനോര സുഹൃത്തുക്കള്‍ക്ക് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്. തുടര്‍ന്ന് വലിയ സൈബര്‍ ആക്രമണമാണ് സയനോര നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ സയനോരയ്ക്ക് പിന്തുണയുമായി സിത്താര കൃഷ്ണകുമാറും സുഹൃത്തുക്കളും രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ സിത്താരയുടെ വീഡിയോയ്ക്ക് എതിരെയും വിമര്‍ശനം ഉയരുകയാണ്.

സയനോരയ്ക്ക് പിന്തുണയുമായി കൂട്ടുകാരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു സിത്താര. ഇതിന് പിന്നാലെയാണ് സിത്താരയ്‌ക്കെതിരെ അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്. നിങ്ങള്‍ ഇത്രയും തരം താഴുമെന്ന് കരുതിയില്ലെന്നും ഗായിക എന്ന നിലയിലുള്ള ബഹുമാനം നഷ്ടപ്പെട്ടെന്നും, എല്ലാവരും ചിത്രചേച്ചിയെ കണ്ടുപഠിക്കണം എന്നുമാണ് ഒരു കമന്റ്. ആരും ശ്രദ്ധിക്കാത്തതുകൊണ്ട് വിവാദങ്ങള്‍ ഉണ്ടാക്കി ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള വഴികള്‍ ആണെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സയനോര വീഡിയോ പങ്കുവെച്ചത്. ഭാവന, രമ്യ നമ്ബീശന്‍, ഷഫ്‌ന നിസാം, ശില്‍പ ബാല എന്നിവര്‍ക്ക് ഒപ്പമാണ് സയനോര നൃത്തം ചെയ്തത്. വീഡിയോയില്‍ സയനോര ഷോര്‍ട്‌സ് ധരിച്ചെത്തിയതാണ് ഒരു വിഭാഗം ആളുകള്‍ക്ക് പ്രശ്‌നമായത്. തുടര്‍ന്ന് നടിയുടെ നിറത്തിനെയും ശരീരത്തെയും അപമാനിച്ചുകൊണ്ടുള്ള കമന്റുകള്‍ എത്തുകയായിരുന്നു.