പ്രതിദിന വരുമാനം ആറ് ലക്ഷത്തിൽ താഴെ, ഔട്ട്‌ലറ്റ് മാനേജർമാരോട് വിശദീകരണം തേടി ബെവ്‌കോ

തിരുവനന്തപുരം: വരുമാനത്തിൽ കുറവുവന്നതിൽ ഔട്ട്‌ലറ്റ് മാനേജർമാരോട് ബെവ്‌‌കോ വിശദീകരണം തേടിയതായി വിവരം. ഔട്ട്ലറ്റ് മാനേജർമാരുടെ മേൽനോട്ടക്കുറവുകൊണ്ടാണ് പ്രതിദിന വരുമാനം ആറ് ലക്ഷത്തിൽ താഴെ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ബെവ്‌കോ വിശദീകരണം തേടിയതെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ചാലക്കുടി അടക്കമുള്ള വെയർഹൗസുകൾക്ക് കീഴിലുള്ള ഔട്ട്ലറ്റുകളിൽ മദ്യവിൽപനയിൽ കുറവുണ്ടായി.

അഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ബിവറേജസ് കോർപറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ 30 വിദേശ മദ്യശാലകളിലെ മാനേജർമാരോടാണ് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

കൊട്ടാരക്കര വെയർഹൗസിന് കീഴിലെ വിളക്കുപാറ ഔട്ട്‌‌ലറ്റിലാണ്സംസ്ഥാനത്തെ തന്നെ ഏറ്റവും വിൽപന കുറവ് ഉണ്ടായത്. 3.38 ലക്ഷം രൂപയാണ് ഇവിടത്തെ പ്രതിദിന വരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.