ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി. ദമ്പതികള്‍ ഡല്‍ഹിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ പോലീസ് പിടിയില്‍. ഞായറാഴ്ച രാത്രിയാണ് ഡല്‍ഹിയില്‍ ദമ്പതികളായ രാധേശ്യാം വര്‍മയും ഭാര്യ വീണയും കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇവരുടെ മകന്റെ ഭാര്യ മോണിക്കയാണ് പോലീസ് പിടിയിലായത്. മോണിക്കയുടെ ആണ്‍ സുഹൃത്തും മറ്റൊരാളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുവാന്‍ പോലീസ് അന്വേഷണം നടത്തുന്നതായിട്ടാണ് വിവരം. ദമ്പതികളും മകന്‍ രവിയും മോണിക്കയും ഒരേ വീട്ടിലാണ് ാമസിക്കുന്നത്. കൊല്ലപ്പെട്ട ദമ്പതികളുടെ മുറി വീടിന്റെ താഴത്തെ നിലയിലാണ്. മുകളിലത്തെ നിലയിലാണ് മോണിക്കയും ഭര്‍ത്താവും താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രിയാണ് മാതാപിതാക്കളെ കണ്ടതെന്നും എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞില്ലെന്ന് മകന്‍ രവിയും മോണിക്കയും പറയുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മോണിക്കയുടെ ആണ്‍ സുഹൃത്തും മറ്റൊരാളും ഞായറാഴ്ച രാത്രി 7.30 ഓടെ ഇവരുടെ വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ മോണിക്ക ടെറസില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് ദമ്പതികള്‍ ഉറങ്ങുവാന്‍ പോകുന്നത് വരെ ഇവര്‍ ടെറസില്‍ തന്നെയിരുന്നു. തുടര്‍ന്ന് ദമ്പതികളെ ഇവര്‍ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മുറിയില്‍ നിന്നും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.