ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങള്‍, ദുരൂഹത, സംഭവം കോട്ടയത്ത്

കോട്ടയം : ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തലപ്പലം അറിഞ്ഞൂറ്റിമംഗലത്താണ് സംഭവം. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു കാല്‍പാദത്തില്‍ മാത്രമാണ് മാംസം അവശേഷിച്ചിരുന്നത്.

സമീപത്തുനിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിരുന്നു. കണ്ടെത്തിയ മൃതദേഹാവശിഷ്ടം കാണാതായ പ്രദേശവാസിയായ വയോധികന്റെതെന്നാണ് സംശയം. അതേസമയം, ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി.

പോലീസും ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, എറണാകുളം പുത്തൻവേലിക്കരയിൽ ഒഴുക്കിൽ‌പ്പെട്ട രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു. ഇളന്തിക്കര, കൊടകര സ്വദേശികളായ ജ്വാല ലക്ഷ്മി(13), മേഘ(26) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അ‍ഞ്ചു പെൺകുട്ടികൾ‌ ഒഴുക്കിൽപ്പെടുകയായിരുന്നു. മൂന്നു പേരെ രക്ഷപ്പെടുത്തിയിരുന്നു. ബന്ധു വീട്ടിലെത്തിയവരായിരുന്നു കുട്ടികൾ.

രക്ഷപ്പെടുത്തിയവരിൽ രണ്ട് പേരുടെ നില ​ഗുരുതരാവസ്ഥയിലാണ്. ഒരാളെ വെന്റിലേറ്ററിലാണ്. രണ്ട് മണിക്കൂറിന് ശേഷമാണ് ഇവരെ രക്ഷിക്കാനായത്. പൊലീസും സ്കൂബ ടീമും നടത്തിയ പരിശോധനയിലാണ് ഇവരെ രക്ഷിക്കാൻ‌ കഴി‍ഞ്ഞത്. രാവിലെ 10.30നായിരുന്നു സംഭവം നടന്നത്.