ചികിത്സയ്ക്കിടെ മരണം, ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം മാറി, പിഴവ് കണ്ടെത്തിയത് സംസ്‌കാരത്തിന് തൊട്ടുമുമ്പ്

സോമന്‍

കുമളി: മൃതദേഹം മാറി കൊടുത്തുവിട്ട് സ്വകാര്യ ആശുപത്രിയുടെ ഗുരുതര വീഴ്ച. കോവിഡാനന്തരം ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവെ മരിച്ച കുമളി എസ്എന്‍ഡിപി ശാഖായോഗം മാനേജിങ് കമ്മിറ്റിയംഗമായ മാടത്തുപറമ്പില്‍ സോമന്റെ മൃതദേഹമെന്ന് കരുതി ആശുപത്രി ആംബുലന്‍സില്‍ അയച്ചത് മൂന്നാര്‍ സ്വദേശി പച്ചയപ്പന്റെ മൃതദേഹമാണ്. ആശുപത്രിയില്‍ നിന്നും ശ്മശാനത്തില്‍ എത്തിയപ്പോഴാണ് മൃതദേഹത്തില്‍ പച്ചയപ്പന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് വോളന്റിയര്‍മാര്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് വലിയ അബദ്ധം മനസിലാകുന്നത്.

കോവിഡ് ബാധിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സോമനും പച്ചയപ്പനും ഇന്നലെയാണ് മരിച്ചത്. സോമന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി ആംബുലന്‍സില്‍ കുമളിയിലെ ശ്മശാനത്തില്‍ എത്തിച്ചു. കോവിഡ് ബാധിതന്‍ ആയിരുന്നതിനാല്‍ ഇവര്‍ക്ക് മൃതദേഹം കാണാന്‍ സാധിച്ചില്ല. ആശുപത്രി അധികൃതര്‍ തന്നെ ആംബുലന്‍സ് ക്രമീകരിച്ച് കുമളിയിലേക്ക് അയയ്ക്കുകയായിരുന്നു. മുരിക്കടിയില്‍ എസ്എന്‍ഡിപി ശാഖായോഗം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിന് തൊട്ടുമുന്‍പാണ് ഗുരുതര വീഴ്ച ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട ശേഷം ഈ മൃതദേഹം ആംബുലന്‍സില്‍ മൂന്നാറിലേക്കയച്ചു. സോമന്റെ മൃതദേഹം മറ്റൊരു ആംബുലന്‍സില്‍ കുമളിയിലെത്തിച്ചു സംസ്‌കരിച്ചു. ഭാര്യ: സിന്ധു, മക്കള്‍. വിഷ്ണു സോമന്‍, വിമല്‍ സോമന്‍. മൃതദേഹം മാറി നല്‍കിയത് മോര്‍ച്ചറി ജീവനക്കാര്‍ക്കുണ്ടായ വീഴ്ചയാണെന്നും പുറമേ നിന്നുള്ള കരാറുകാരന്‍ നടത്തുന്ന മോര്‍ച്ചറിയില്‍ മൃതദേഹം മാറിപ്പോയതില്‍ ആശുപത്രിക്ക് ഉത്തരവാദിത്തം ഇല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.