കല്ലട കനാലിൽ നിരവധി പരിക്കുകളോടെ യുവാവിന്റെ മൃതദേഹം

പത്തനംതിട്ട . കല്ലട ജലസേചന പദ്ധതി കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നു ദിവസം മുമ്പ് കാണാതായ കലഞ്ഞൂര്‍ സ്വദേശി അനന്തുവിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് അനന്തുവിനെ കാണാതാകുന്നത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ കനാലില്‍ കടുത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖത്തും തലയ്ക്ക് പിന്നിലുമായി നിരവധി പരിക്കുകളുണ്ട്. തലയ്ക്ക് പിന്നില്‍ വെട്ടേറ്റ പാടുകളാണെന്നാണ് പോലീസ് സംശയിക്കപ്പെടുന്നത്. മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തെ പറമ്പില്‍ രക്തക്കറകളും കണ്ടെത്തി.

സംഘട്ടനത്തിന് പിന്നാലെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണോ എന്നാണ് പൊലീസ് അന്വേഷിച്ചു വരുന്നത്. ഞായറാഴ്ച രാത്രി മുതല്‍ അനന്തുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് കൂടല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് 28കാരനായ അനന്തുവിന്റെ മൃതശരീരം കനാലിൽ കണ്ടെത്തിയിരിക്കുന്നത്.