അനില്‍ പനച്ചൂരാന്റെ മരണം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

പ്രശസ്ത കവി അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭാര്യ മായയുടെ മൊഴിയില്‍ കായംകുളം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അനിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കായംകുളം സ്‌റ്റേഷനില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കായംകുളം പോലീസ് തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അനില്‍ പനച്ചൂരാന്‍ അന്തരിച്ചത്. രാവിലെ ബോധക്ഷയത്തെ തുടര്‍ന്ന് ആദ്യം മാവേലിക്കരയിലും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു അന്ത്യം.