സിനിമ തിയറ്ററുകള്‍ തുറക്കുന്ന വിഷയത്തില്‍ തിയറ്ററുടമകളുടെ യോഗം നാളെ

സിനിമ തിയറ്ററുകള്‍ തുറക്കുന്ന വിഷയത്തില്‍ അനിശ്ചിതത്വം നില്‍ക്കുന്ന സാഹചര്യത്തില്‍ തിയറ്ററുടമകളുടെ യോഗം നാളെ ചേരും. ആവശ്യപ്പെട്ട ഇളവുകള്‍ ലഭിക്കുന്നതിനു മുന്‍പ് തിയറ്റര്‍ തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ചൊവ്വാഴ്ച ഫിലിം ചേംബറും യോഗം ചേരും.

സംസ്ഥാന സര്‍ക്കാര്‍ നാളെ മുതല്‍ സിനിമ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും പ്രദര്‍ശനം പുനരാരംഭിക്കാന്‍ സാധ്യതയില്ല. ജനുവരി അഞ്ചിന് റിലീസ് ചെയ്യാന്‍ ചിത്രങ്ങള്‍ ഇല്ലെന്നതാണ് ഒന്നാമത്തെ പ്രശ്‌നം. ദീര്‍ഘനാളായി തിയറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന സഹായ പാക്കേജ്, വൈദ്യുതി ഫിക്‌സഡ് ചര്‍ജ് – വിനോദ നികുതി ഒഴിവാക്കല്‍ എന്നിവയില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.

ഇതോടൊപ്പം തിയറ്ററുടമകള്‍ നല്‍കാനുള്ള 14 കോടിയോളം രൂപ ലഭിക്കാതെ ചിത്രങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നാളെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. ബുധനാഴ്ച വിവിധ സംഘടന പ്രതിനിധികളുമായി ഫിലിം ചേംബറും ചര്‍ച്ച നടത്തും.