ഡീപ് ഫേക്ക് കേസ്, മുഖ്യപ്രതിയുടെ കൂട്ടാളി പിടിയിൽ

കോഴിക്കോട്. കൂടെ ജോലി ചെയ്യുന്ന വ്യക്തിയുടെ രൂപം ഡീപ് ഫേക്ക് വഴി സൃഷ്ടിച്ച്, വാട്‌സ്ആപ്പ് വീഡിയോ കോൾ വഴി പണം ആവശ്യപ്പെടുകയും 40,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്ററിൽ. മുഖ്യപ്രതി കൗശൽ ഷായുടെ കൂട്ടാളി ഷെയ്ഖ് മുർസു മയ്യ് ഹയാത്തിനെയാണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണനിൽ നിന്നുമാണ് പ്രതികൾ പണം തട്ടിയെടുത്തത് .

രാധാകൃഷ്ണന്റെ സുഹൃത്തിന്റെ ശബ്ദം അനുകരിച്ച് അദ്ദേഹത്തെ ഫോൺ വിളിച്ച് തട്ടിപ്പ് നടത്തിയത് ഷെയ്ഖ് മുർസു മയ്യ് ഹയാത്തായിരുന്നു. കൗശൽ ഷായ്ക്ക് തട്ടിപ്പിന് സാങ്കേതിക സൗകര്യം തയ്യാറാക്കി കൊടുത്തയാളാണ് ഷെയ്ഖ് മുർസു.

ഉത്തരേന്ത്യയിലാണ് രാധാകൃഷ്ണൻ ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്ന വ്യക്തിയുടെ രൂപം ഡീപ് ഫേക്ക് വഴി സൃഷ്ടിക്കുകയും വാട്‌സ്ആപ്പ് വീഡിയോ കോൾ വഴി പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയതിന് ശേഷം രാധാകൃഷ്ണന് സംശയം തോന്നുകയായിരുന്നു. തട്ടിപ്പ് നടന്നെന്ന് തിരിച്ചറിഞ്ഞതോടെ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. കൗശൽ ഷാ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പോലീസ് അന്വേഷണത്തിൽ അന്ന് നഷ്ടമായ പണം കണ്ടെത്തിയിരുന്നു. പ്രതി നേപ്പാളിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഷെയ്ഖ് മുർസു മയ്യ് ഹയാത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയും. കൗശൽ ഷായെ പിടികൂടുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി കൂടിചേർന്ന് അന്വേഷണം ഊർജിതമാക്കി.