മാധ്യമങ്ങൾ സമാന്തര വിചാരണ നടത്തേണ്ട: അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി: അന്വേഷണത്തിലിരിക്കുന്ന സുപ്രധാന കേസുകളിൽ മാധ്യമങ്ങളുടെ അതിരുവിട്ട റിപ്പോർട്ടിങ്ങിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. മാധ്യമങ്ങൾ സമാന്തര വിചാരണ നടത്തരുതെന്ന് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു. ‌‌ റിപ്പബ്ലിക്ക് ടി.വി അവതാരകൻ അർണബ് ഗോസ്വാമിക്കെതിരെ കോൺഗ്രസ് എം.പി ശശി തരൂർ നൽകിയ ഹരജിയിലാണ് ഡൽഹി ഹൈക്കോടതി സുപ്രധാന പരാമർശം നടത്തിയത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ റിപ്പബ്ലിക് ടിവി നടത്തുന്ന വ്യക്തിഹത്യാ പ്രചരണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു തരൂർ കോടതിയെ സമീപിച്ചത്.

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ പാടില്ല. എങ്കിലും ഒരു കേസ് കോടതിയുടെ പരിഗണനയിൽ തുടരുമ്പോൾ മാധ്യമങ്ങൾ സമാന്തര വിചാരണ നടത്തുന്നതിൽനിന്നു വിട്ടു‌നിൽക്കണം. ഒരു കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങൾ സമാന്തര വിചാരണ നടത്തുന്നതിൽ നിന്ന് വിട്ടു നിൽക്കണം. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ ആരെയങ്കിലും കുറ്റവാളിയെന്ന് മുദ്രകുത്താൻ പാടില്ല. സ്ഥിരീകരിക്കാൻ കഴിയാത്ത അവകാശവാദങ്ങൾ ഉയർത്തരുത്’; ഡൽഹി ഹൈക്കോടതി ജഡ്ജി മുക്ത ഗുപ്ത പറഞ്ഞു.

സുനന്ദ പുഷ്കർ കേസുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിൽനിന്ന് അർണബ് ഗോസ്വാമിയെയും റിപ്പബ്ലിക് ടിവിയെയും വിലക്കണം എന്നാവശ്യപ്പെട്ടാണ് ശശി തരൂർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിലക്കിയില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മിതത്വം പാലിക്കണമെന്നും വാചകക്കസർത്ത് കുറയ്ക്കണമെന്നും കോടതി നിർദേശിച്ചു. ഇവ പാലിക്കാമെന്ന ഉറപ്പ് റിപ്പബ്ലിക് ടിവി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂർ വീണ്ടും ഹൈക്കോടതിക്കു മുൻപാകെ എത്തിയത്.

നൽകിയ ഉറപ്പ് പാലിക്കാൻ റിപ്പബ്ലിക് ടിവിക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും കോടതി നോട്ടിസയച്ചു. അതെ സമയം തങ്ങളുടെ കൈയ്യിൽ തെളിവുകളുണ്ട് എന്ന റിപ്പബ്ലിക്ക് ടി.വി ചാനലിൻറെ അവകാശവാദത്തിനെതിരെ ഹൈക്കോടതി രംഗത്തുവന്നു. ‘നിങ്ങൾ സ്ഥലത്തുണ്ടായിരുന്നോ? നിങ്ങൾ സാക്ഷികളാണോ? അന്വേഷണത്തിന് ചില പവിത്രതകളൊക്കെയുണ്ട്.’; ഹൈക്കോടതി തിരിച്ചടിച്ചു. അതെ സമയം തങ്ങളുടെ കൈയ്യിൽ എയിംസിൽ നിന്നുള്ള തെളിവുകളുണ്ടെന്ന അർണബിൻറെ അഭിഭാഷക മാളവിക ത്രിവേദിയുടെ മറുപടിക്കെതിരെയും ഹൈക്കോടതി രംഗത്തുവന്നു. കോടതിയാണ് ക്രിമിനൽ വിചാരണയിൽ തെളിവ് നിശ്ചയിക്കുന്നതെന്നും അവിടുന്നും ഇവിടുന്നുമുള്ള പരാമർശങ്ങൾ തെളിവുകളായി എടുക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.