ശ്രദ്ധ വാൽക്കറുടെ കൊലപാതകം; കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നു; ശ്രദ്ധ എഴുതിയ പരാതിക്കത്ത് പുറത്ത്

ന്യൂഡൽഹി: ശ്രദ്ധ വാൽക്കറെ കൊല്ലപ്പെടുന്നതിന് രണ്ട് വർഷം മുൻപ് തന്നെ കാമുകന്റെ ഭീഷണി ഉണ്ടായിരുന്നു. പ്രതിക്കെതിരെ കൊല്ലപ്പെട്ട യുവതി രണ്ടുവർഷം മുൻപ് തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കർ പങ്കാളിയായ അഫ്താബ് അമീൻ പൂനാവാലയ്ക്കെതിരെ 2020ൽ പൊലീസിന് നൽകിയ പരാതിക്കത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു.

ആറുമാസമായി അഫ്‌താബ് തന്നെ മർദ്ദിക്കാറുണ്ടെന്നും കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിൽ പറയുന്നു. ‘അഫ്‌താബ് കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ബ്ളാക്ക്‌മെയിൽ ചെയ്യുകയും ചെയ്യുന്നു. ഭീഷണികാരണമാണ് പൊലീസിൽ പരാതി നൽകാതിരുന്നത്. മർദ്ദനത്തെക്കുറിച്ചും കൊല്ലാൻ ശ്രമിച്ചതും അഫ്‌താബിന്റെ മാതാപിതാക്കൾക്ക് അറിയാം. അവർ ഇടയ്‌ക്കിടെ വീട്ടിൽ വരാറുണ്ട്. വിവാഹിതരാകാൻ തീരുമാനിച്ചതിനാൽ തങ്ങൾ ഒരുമിച്ചാണ് കഴിയുന്നത്.

അഫ്‌താബിന്റെ കുടുംബത്തിന്റെ പിന്തുണയുമുണ്ട്. എന്നാലിപ്പോൾ നിരന്തരമായ പീഡനം കാരണം അഫ്‌താബിനൊപ്പം കഴിയാൻ താത്പര്യമില്ല. തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം അഫ്‌താബിനായിരിക്കും’ എന്നും കത്തിൽ യുവതി വ്യക്തമാക്കുന്നുണ്ട്.2020 നവംബർ 23 ആണ് കത്തിൽ കാണിച്ചിരിക്കുന്ന തീയതി.

അതേസമയം, അഫ്താബ് അമീൻ പൂനവാല കോടതിയിൽ കുറ്റം ഏറ്റ് പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ശ്രദ്ധയെ കൊന്നതെന്നാണ് അഫ്‌താബ് ഇന്നലെ സാകേത് കോടതിയിൽ കുറ്റസമ്മത മൊഴി നൽകിയത്. കസ്റ്റഡി കാലാവധി തീരുന്ന ഇന്നലെ വീഡിയോ കോൺഫ്രൻസിലൂടെയാണ് അഫ്താബിനെ കോടതിയിൽ ഹാജരാക്കിയത്.