150 കോടി ചിലവഴിച്ചിട്ടും ഉയര്‍ന്നത് മാലിന്യമല; കുന്നു കൂടി വന്ന മാലിന്യം ഒരു തരി കുറഞ്ഞില്ല,ബ്രഹ്മപുരം തീപിടുത്തം രാഷ്ട്രീയവിവാദമായി

തിരുവനന്തപുരം . ബ്രഹ്മപുരം തീപിടുത്തം രാഷ്ട്രീയ വിവാദത്തിലേക്ക്. കരാര്‍ കമ്പനിയുടെ തലപ്പത്ത് വൈക്കം വിശ്വന്റെ മരുമകനാണ് എന്ന് വന്നതോടെ ആരോപണങ്ങള്‍ ശക്തമാവുകയാണ്. വൈക്കം വിശ്വന്റെ മരുമകനായി നിയമങ്ങള്‍ വഴി മാറി എന്നും, 150 കോടി ചിലവഴിച്ചിട്ടും മാലിന്യമല ഉയരുകയായിരുന്നെന്നും ആരോപിക്കപ്പെടുമ്പോൾ സംഭവിച്ചത് ഗുരുത വീഴ്ചയെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ബ്രഹ്മപുരം പ്ലാന്റ് കൊച്ചിയെ വിഷപ്പുകയാൽ പുതച്ചപ്പോൾ രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തുകയായിരുന്നു. ബ്രഹ്‌മപുരത്ത് നടക്കുന്ന ബയോ മൈനിങ് കരാര്‍ കോണ്‍ട്രാക്റ്റ് ഏറ്റെടുത്ത കമ്പനിയെക്കുറിച്ചാണ് ആരോപണം ശക്തമായിരിക്കുന്നത്. ഈ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരവീഴ്ചയാണ് തീപിടുത്തത്തിനു പിന്നിലെന്നതിലേക്കാണ് കാര്യങ്ങൾ നീളുന്നത്. ഇതോടെ കമ്പനി ഉടമകളും വിവാദ കുരുക്കിൽ ആയി.

ഇടതുമുന്നണിയുടെ മുന്‍ കണ്‍വീനറും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വൈക്കം വിശ്വന്റെ മരുമകന്‍ രാജ്കുമാര്‍ ചെല്ലപ്പന്‍പിള്ള എംഡിയായ സ്ഥാപനം സോണ്ട ഇന്‍ഫ്രാടെക്കിനാണ് ബ്രഹ്മപുരത്ത് കരാര്‍ നല്‍കിയിരുന്നത്. 2021ലാണ് കമ്പനിയുമായി 55 കോടിയുടെ കരാറില്‍സര്‍ക്കാര്‍ ഒപ്പുവെക്കുന്നത്. കരാറും തുടർന്നും വഴിവിട്ട സഹായമാണ് കമ്പനിക്കായി സർക്കാർ നൽകിയിരിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയ ചേരിതിരിവും ശക്തമാണ്. ഹൈക്കോടതിയും ശക്തമായ നടപടികളുമായി രംഗത്ത് വന്നിട്ടുണ്ട്. തീപിടുത്തം മനുഷ്യനിര്‍മ്മിതമോ എന്ന ചോദ്യമാണ് ഹൈക്കോടതി ഉയര്‍ത്തിയിരിക്കുന്നത്.

ബ്രഹ്മപുരത്തെ ബയോമൈനിംഗ് പ്രധാന കരാര്‍ വൈക്കം വിശ്വന്റെ മരുമകന് നല്‍കിയപ്പോള്‍ ഉപകരാര്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന് നൽകുകയായിരുന്നു. അഴിമതിക്കുള്ള അനുരഞ്ജന നീക്കമായാണ് ഇത് വിലയിരുത്തുന്നത്. സോണ്ട ഇന്‍ഫ്രാടെക്ക് ആവട്ടെ ആരോപണങ്ങള്‍ നിഷേധിക്കുന്നു. തങ്ങളുടെ ഭാഗത്ത് നിന്നും വന്ന പിഴവ് അല്ല തീപിടുത്തത്തിന്റെ കാരണം എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. മാലിന്യത്തില്‍ നിന്നും ഉത്ഭവിക്കുന്ന മീഥെയിന്‍ ഗ്യാസില്‍ നിന്നും തീപടര്‍ന്നതാകാം. തങ്ങളുടെ പ്രവൃത്തി മേഖലയില്‍ അല്ല തീപിടുത്തം ഉണ്ടായത് – കമ്പനി പ്രതികരിച്ചിട്ടുണ്ട്. പക്ഷെ 150 കോടി ചിലവഴിച്ചു കഴിഞ്ഞിട്ടും ഇത്ര വലിയ മാലിന്യ മല ശേഷിച്ചതെങ്ങനെ എന്നതിനെ പറ്റി കമ്പനിക്ക് മിണ്ടാട്ടമില്ല.

ബയോമൈനിങ്ങിന് ടെൻഡർ യോഗ്യതപോലും ഇല്ലാതിരുന്ന കമ്പനിക്കുവേണ്ടി സർക്കാരും കൊച്ചി കോർപ്പറേഷനും വഴിവിട്ട പ്രവർത്തനം നടത്തി എന്നാണ് പ്രതിപക്ഷ ആരോപണം ബലപ്പെടുത്തുന്നതാണ് പുറത്ത് വരുന്ന വിവരങ്ങൾ. പുതിയ കമ്പനിയെ തിരഞ്ഞെടുത്തത് മാനദണ്ഡങ്ങള്‍ പാലിക്കാതെ തന്നെയാണ്. ബയോ മൈനിങ്ങില്‍ വേര്‍തിരിക്കുന്ന ആര്‍.ഡി.എഫ്. ബ്രഹ്‌മപുരത്തുനിന്ന് മാറ്റാതെ കമ്പനി അവിടെത്തന്നെ സൂക്ഷിച്ചതാണ് തീപിടുത്തം രൂക്ഷമാക്കിയത് എന്നാണ് വിലയിരുത്തലും ശരിയെന്നു വ്യക്തമാക്കുന്നതാണ് നടന്ന സംഭവങ്ങൾ.

2022 ജനുവരിയിൽ തുടങ്ങി സെപ്റ്റംബറിൽ അവസാനിക്കുന്ന 54 കോടിയുടെ കരാർ കാലയളവിൽ 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് പൂർത്തിയാക്കാനായത്. മഴ പ്രവൃത്തികളെ ബാധിച്ചു എന്ന് ചൂണ്ടികാട്ടിയാണ് കാലാവധി നീട്ടി വാങ്ങുന്നത്. പ്രതീക്ഷിച്ചത്ര വേഗതയിൽ പ്രവൃത്തികൾ നടക്കുന്നില്ല എന്ന പരാതി കൊച്ചി കോർപ്പറേഷനും പല തവണ ഉന്നയിച്ചിരുന്നു. എന്നിട്ടും മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടന്നില്ല. ഇതിനിടെ കമ്പനിക്ക് മൊബിലൈസേഷന്‍ ഫണ്ട് എന്ന പേരില്‍ 11 കോടി രൂപയും നൽകുകയുണ്ടായി എന്നതാണ് ശ്രദ്ധേയം.

സോണ്‍ട ഇന്‍ഫ്രാടെക്ക് ആദ്യം ഹാജരാക്കിയ രേഖയില്‍ തിരുനെല്‍വേലി കോര്‍പ്പറേഷനില്‍ കമ്പനി ഖര മാലിന്യ സംസ്‌കരണത്തിനായി ചെലവഴിച്ചതിലെ ടോട്ടല്‍ കോണ്‍ടാക്ട് വാല്യു 8,56,71,840 രൂപയാണ്. എന്നാല്‍ ഇത് കെഎസ്‌ഐഡിസി തള്ളിയതിനു തൊട്ടു പിന്നാലെ വീണ്ടും കരാര്‍ ക്ഷണിച്ചപ്പോള്‍ ഇതേ പദ്ധതി പത്ത് കോടി രൂപക്ക് പൂര്‍ത്തിയാക്കിയതിന്റെ രേഖ സോണ്‍ട ഇന്‍ഫ്രാടെക്ക് ഹാജരാക്കുകയായിരുന്നു. പിന്നാലെ കരാർ നേടിയെടുക്കുന്ന ഉണ്ടായത്. ആദ്യം കമ്പനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് തിരുനെല്‍വേലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ആയിരുന്നെങ്കില്‍ രണ്ടാമത് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുന്‍സിപ്പല്‍ എഞ്ചിനീയറാണ് എന്നതാണ് പ്രധാനമായും എടുത്ത് പറയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് അപാകതകള്‍ പരിശോധിക്കാതെ കെഎസ്‌ഐഡിസി കരാര്‍ നല്‍കിയതില്‍ ഒത്തുകളി നടന്നു എന്ന് തന്നെയാണ് കരുതേണ്ടത്.

15 വർഷത്തിനിടയിൽ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിനു വേണ്ടി കോർപറേഷൻ ഏകദേശം 150 കോടിയോളം രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. മാലിന്യ നീക്കത്തിനും സംസ്ക്കരണത്തിനുമുള്ള ശരാശരി ചെലവ് പ്രതിവർഷം 10 കോടി രൂപ. ഇതിനു പുറമേയാണു കോടിക്കണക്കിനു രൂപ ചെലവഴിച്ചു പ്ലാന്റുകൾ നിർമിക്കുന്നത്. എന്നിട്ടും കുന്നു കൂടി വന്ന മാലിന്യം ഒരു തരി കുറയുകയുണ്ടായില്ല.

ബയോ മൈനിംഗ് വേണ്ട വിധം കമ്പനി നടത്തിയില്ല എന്ന ആരോപണങ്ങൾ ശരിയെന്നു പറയുന്നതാണ് ഇതൊക്കെ. 2020ൽ ബ്രഹ്മപുരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സംസ്കരണത്തിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് കരാർ ക്ഷണിക്കുന്നത്. ഈ കരാറില്‍ തിരുകിക്കയറ്റിയത് ആവട്ടെ യോഗ്യതയില്ലാത്ത കമ്പനിയെ ആയിരുന്നു. വൈക്കം വിശ്വന്റെ പേരുകൂടി കരാറുമായി ബന്ധപ്പെട്ട് വന്നതോടെ ഇതൊരു പുതിയ രാഷ്ട്രീയ വിവാദമാവുകയായിരുന്നു.

ബ്രഹ്മപുരത്തെ തീപിടുത്തം ഇടതുമുന്നണിയെ പിടിച്ചു കുലുക്കുന്നുണ്ട്. മാലിന്യസംസ്‌കരണ കരാര്‍ ഉറപ്പിക്കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന് സി.പി.ഐ നേരത്തേതന്നെ പറഞ്ഞിരുന്നു. നയപരമായ കാര്യങ്ങളില്‍ കൂടിയാലോചനക ളില്ലാതെ, സി.പി.എം. ഏകപക്ഷീയമായി മുന്നോട്ടുപോകുന്നതിനാലുണ്ടാകുന്ന തിരിച്ചടിയാണ് ഇതെല്ലാമെന്നാണ് സി.പി.ഐ പറയുന്നത്.