കൊറോണയാണേലും പൂരം പൊടിപൊടിക്കണം, കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ ദേവസ്വങ്ങള്‍

തൃശൂര്‍: കടുത്ത നിയന്ത്രണങ്ങളോടെ പൂരം നടത്താനാകില്ലെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വങ്ങള്‍ നിലപാട് വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ ദേവസ്വങ്ങള്‍. ഒറ്റ ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് അനുമതി നല്‍കണം. ആന പാപ്പാന്‍മാരുടെ ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കണമെന്നും ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു. ദേവസ്വങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അന്തിമ തീരുമാനം നാളെ ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചക്ക് ശേഷം ഉണ്ടാകും.

പൊലീസുകാര്‍ക്ക് ഭക്ഷണത്തിനും മറ്റുസൗകര്യങ്ങള്‍ക്കുമായി ദേവസ്വങ്ങള്‍ പണം നല്‍കിയിരുന്നു ഇത്തവണ ഇത് നല്‍കാനാകില്ല. തേക്കിന്‍കാട് മൈതാനത്ത് ബാരിക്കേഡുകള്‍ കെട്ടുന്ന ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ദേവസ്വങ്ങള്‍ വ്യക്തമാക്കി. നാളെ ചീഫ് സെക്രട്ടറിയുമായി നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതിന് ഒരു വാക്സിനേഷന്‍ മാത്രം എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണ്ട എന്നായിരുന്നു നേരത്തേ ഉള്ള അറിയിപ്പ്. എന്നാല്‍ രണ്ട് വാക്സിന്‍ എടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കണമെന്ന് ഇന്നലെ പുതിയ ഉത്തരവിറങ്ങി. ആനപാപ്പാന്‍ മാരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ആനയ്ക്ക് അനുമതി നിഷേധിക്കും. ഇതടക്കമുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ ഓരോ ദിവസവും കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്ന് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ യോഗത്തില്‍ അറിയിച്ചു. ‌

തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നതെന്നും ചിലര്‍ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കോവിഡ് നിബന്ധനകള്‍ കൊണ്ടു വരരുത്. ഡിഎംഒയ്ക്ക് പകരം ഉന്നത തല മെഡിക്കല്‍ സംഘത്തെ ചുമതല ഏല്‍പ്പിക്കണം. ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ ഈ ആവശ്യം അറിയിക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധി പ്രതികരിച്ചു.