പശ്ചിമേഷ്യൻ ആകാശത്ത് യാത്രവിമാനങ്ങൾക്ക് പ്രശ്‌നം നേരിടുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികൾക്ക് നിർദ്ദേശവുമായി ഡിജിസിഎ

ന്യൂഡല്‍ഹി. പശ്ചിമേഷ്യന്‍ ആകാശത്ത് യാത്ര വിമാനങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ കമ്പനികള്‍ക്ക് നിര്‍ദേശവുമായി ഡിജിസിഎ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പശ്ചിമേഷ്യന്‍ ഭാഗങ്ങളിലൂടെ പറക്കുന്ന യാത്രവിമാനങ്ങളുടെ ഗതി നിര്‍ണയ സംവിധാനത്തില്‍ തടസ്സം ഉണ്ടായതായി തെറ്റായ വിവരങ്ങള്‍ കാണിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാവാന്‍ സാധ്യതയുള്ളതിനാലാണ് വിമാന കമ്പിനികള്‍ക്ക് ഡിജിസിഎ സുരക്ഷാ നിര്‍ദേശം നല്‍കിയത്. എന്താണ് നേരിടുന്ന വെല്ലുവിളിയെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും ഡിജിസിഎ നിര്‍ദേശിക്കുന്നു. പ്രശ്‌നത്തെ നേരിടാന്‍ വിമാന ജീവനക്കാര്‍, പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള കര്‍മ്മ പദ്ധതിയാണ് ഡിജിസിഎ നിര്‍ദേശിക്കുന്നത്.

പശ്ചിമേഷ്യയുടെ വ്യോമാതിര്‍ത്തിയില്‍ അടുത്തിടെയായി ജിഎന്‍എസ്എസ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ട്. ഗതിനിര്‍ണയ സംവിധാനത്തിലെ പ്രശ്‌നം കാരണം നിരവധി വിമാനങ്ങള്‍ ഇറാനിലേക്ക് പറന്നിരുന്നു. ഇതില്‍ ഒരു വിമാനം ഇറാന്റെ വ്യോമാതിര്‍ത്തിക്ക് സമീപത്തേക്ക് വരെ എത്തിയിരുന്നു.