ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ് ഭൂമിയാണ് തിരു. അഡീഷണൽ കോടതി ജപ്തി ചെയ്തത്. വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാനായി വില കരാർ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്നും ഡിജിപിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും ഹർജിക്കാരൻ പറയുന്നു.

പണം തിരികെനൽകുമ്പോൾ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ. ഭൂമി വാങ്ങാൻ കരാർ ഒപ്പിട്ട വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അഡീഷനൽ സബ് കോടതി സബ് ജഡ്ജി അനു ടി.തോമസ് വിധി പ്രസ്താവിച്ചത്. ഡിജിപിയുടെ ഭാര്യ എസ്.ഫരീദാ ഫാത്തിമയുടെ പേരിൽ പേരൂർക്കട വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ റീസർവേ നമ്പർ 140/3 ആയി ഉള്ള ഭൂമി വിൽക്കാൻ 2023 ജൂൺ 22നാണ് വഴുതക്കാട് സ്വദേശി ടി.ഉമർ ഷെരീഫുമായി കരാർ ഒപ്പിട്ടതെന്നു പരാതിയിൽ പറഞ്ഞു.

പരാതിക്കാരൻ നടത്തിയ അന്വേഷണത്തിൽ ഇതേ ഭൂമി പൊതുമേഖലാ ബാങ്കിൽ പണയത്തിലാണെന്നും 26 ലക്ഷം ബാധ്യത ഉണ്ടെന്നും മനസ്സിലാക്കി. പലിശയും ചെലവും ഉൾപ്പെടെ 33.35 ലക്ഷം രൂപ ആവശ്യപ്പെട്ട് അഡ്വ.ഡി.അശോക് കുമാർ മുഖേന കോടതിയെ സമീപിച്ചു. മേയ് 28ന് ആണു ഭൂമിയിൽ ജപ്തി നോട്ടിസ് പതിച്ചത്.