മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു : സുധാകരന്‍റെ പാര്‍ട്ടിക്ക് വോട്ടു കൊടുത്ത തനിക്ക് നീതി കിട്ടിയില്ലെന്ന് ധീരജിന്‍റെ അച്ഛന്‍

കണ്ണൂര്‍ : കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഇടുക്കി എഞ്ചിനിയറിംഗ് കോളജില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്‍റെ രക്ഷിതാക്കള്‍. സുധാകരന്‍റെ പാര്‍ട്ടിക്ക് വോട്ടു കൊടുത്ത തനിക്ക് നീതി കിട്ടിയില്ലെന്ന് ധീരജിന്‍റെ അച്ഛന്‍ പറയുന്നു. പൊട്ടിക്കരഞ്ഞാണ് ധീരജിന്‍റെ അച്ഛന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

സുധാകരനും കോണ്‍ഗ്രസും നടത്തുന്ന അപവാദ പ്രചാരണം സഹിക്കാനാകുന്നില്ലെന്നും ധീരജിന്‍റെ അച്ഛന്‍ പറയുന്നു. മരിച്ചിട്ടും മകനെ കൊന്നു കൊണ്ടിരിക്കുന്നു. കുടുംബത്തിനെയും അപമാനിക്കുന്നു. താങ്ങാനാവാത്തത് കൊണ്ടാണ് വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതെന്നും ധീരജിന്‍റെ കുടുംബം വ്യക്തമാക്കി. അതേസമയം ഇരന്നു വാങ്ങിയ മരണം എന്നതില്‍ വിശദീകരണവമായി നേരത്തെ കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു

ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്നാണ് കെ.സുധാകരന്‍ എംപി സമ്മതിച്ചത്. കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് കുട്ടികള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു. നിഖില്‍ പൈലി ആരേയും കൊല്ലാന്‍ പോയിട്ടില്ല. കെഎസ്‍യു കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പോയവരാണ്. അവരെ ഡിവൈഎഫ്‌ഐ, സിപിഎം, എസ്‌എഫ്‌ഐ ഗുണ്ടകള്‍ ഉപദ്രവിക്കാന്‍ വളഞ്ഞപ്പോള്‍ രക്ഷപ്പെടാനായി ഓടി .

അവര്‍ തിരിച്ചടിക്കാനോ കുത്താനോ നിന്നവരല്ല. ആരേയും കൊല്ലാന്‍ നിന്നവരല്ല. അക്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ രണ്ട് കിലോമീറ്ററോളം ദൂരം പുറകേ ഓടിച്ചു. ഒടുവില്‍ അവര്‍ തളര്‍ന്ന് വീണ ഇടത്താണ് സംഭവം. കെ എസ് യു പ്രവര്‍ത്തകരോ നിഖില്‍ പൈലിയോ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ല. എസ് എഫ് ഐക്കാര്‍ പോലും സാക്ഷി പറഞ്ഞിട്ടുമില്ല, അക്രമി സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ നിഖില്‍ പൈലി ധീരജിനെ കുത്തിയിട്ടില്ല. അവരുടെ ഈ നിരപരാധിത്വം പറയാനാണ് ഇരന്നുവാങ്ങിയത് എന്ന് താന്‍ പറഞ്ഞതെന്നും കെ.സുധാകരന്‍ വിശദീകരിച്ചിരുന്നു. ജനുവരി 10 നായിരുന്നു ഇടുക്കി എഞ്ചിനീയറിങ്‌ കോളേജ് വിദ്യാര്‍ത്ഥി ധീരജ് കോളേജ് വളപ്പില്‍ കൊല്ലപ്പെട്ടത്