ഇനി ധ്യാനിന്റെയും കുടുംബത്തിന്റെയും യാത്ര പുത്തൻ ബിഎംഡബ്ല്യുവിൽ

പുത്തൻ ബിഎംഡബ്ല്യു സ്വന്തമാക്കി ധ്യാൻ ശ്രീനിവാസൻ. ഭാര്യയോടും മകളൊടുമൊപ്പമാണ് ഇഷ്ട വാഹനം സ്വന്തമാക്കാനെത്തിയത്. BMW X6 ആണ് ധ്യാൻ സ്വന്തമാക്കിയത്. എക്സോട്ടിക്സ് ആൻഡ് ഇംപോർട്‌സ് സ്പോട്ടഡ് ഇൻ കേരളയാണ് അവരുടെ ഫേസ്ബുക്കിൽ ധ്യാൻ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ ചിത്രം പോസ്റ്റ് ചെയ്തു.

മലയാളികളുടെ പ്രീയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. നടനായും സംവിധായകനായും തിളങ്ങുന്ന ധ്യാൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. 2017 ഏപ്രിലിലാണ് കോട്ടയം സ്വദേശിനിയായ അർപിതയെ ധ്യാൻ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. പത്ത് വർഷം നീണ്ട സൗഹൃദത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാൻ ഇപ്പോൾ നിർമ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ്.

മലയാള സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത പ്രൊഡക്ഷൻ കമ്പനിയായ ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികളിൽ ഒരാൾ കൂടിയാണ് ധ്യാൻ. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം എന്നിവരാണ് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികൾ. ‘കമല’യ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനായ ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രം നിർമ്മിച്ചത് ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നായിരുന്നു.