സുരേഷേട്ടന്റെ ഈ വിജയത്തിൽ അഭിമാനം, സന്തോഷം, ആശംസകളുമായി സിനിമ താരങ്ങൾ

തൃശൂർ സ്വന്തമാക്കിയ പ്രിയ താരം സുരേഷ് ​ഗോപിക്ക് ആശംസകൾ നേർന്ന് സിനിമാലോകം മുഴുവനും എത്തിയിട്ടുണ്ട്. യുവ താരങ്ങൾ മുതൽ ഒരു കാലത്ത് സുരേഷ് ​ഗോപിയുടെ സഹപ്രവർത്തകർ ആയിരുന്നവർ‌ വരെ താരത്തിന് ആശംസകൾ നേർന്ന് എത്തി. പ്രിയപ്പെട്ട സഹോദരൻ സുരേഷേട്ടന്റെ ഈ വിജയത്തിൽ അഭിമാനം, സന്തോഷം. എല്ലാവിധ ആശംസകളുമെന്നാണ് ദിലീപ് കുറിച്ചത്.

സുരേഷേട്ടനും ഷാഫി പറമ്പിലിനും അഭിനന്ദനങ്ങൾ എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. സുരേഷ് ​ഗോപിയുടെയും ഷാഫി പറമ്പിലിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആശംസ അറിയിച്ചത്.

അതേ സമയം തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്‍റെ ഭാഗമായി വിജയക്കൊടി പാറിച്ച സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. ഇന്ന് ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. തൃശ്ശൂരിൽ സുരേഷ് ഗോപി നടത്തിയ പടയോട്ടത്തിൽ ഗുരുവായൂര്‍ മണ്ഡലം മാത്രമാണ് ഇളകാതെ നിന്നത്. ഇടത് കോട്ടകളായ മണലൂരും നാട്ടികയുമടക്കം 6 മണ്ഡലങ്ങളും സുരേഷ് ഗോപിക്കൊപ്പം നിന്നപ്പോൾ മുരളീധരനൊപ്പമായിരുന്നു ഗുരുവായൂർ.

സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവവും മോദി തരംഗവും ചേരുമ്പോള്‍ തൃശ്ശൂർ ഇങ്ങ് പോരും എന്ന് തന്നെയായിരുന്നു തുടക്കം മുതൽ ബിജെപി ക്യാമ്പിന്‍റെ പ്രതീക്ഷ. വോട്ടെണ്ണിത്തുടങ്ങിയപ്പോൾ തന്നെ ആ പ്രതീക്ഷ ഇരട്ടിയാവുകയും ചെയ്തു. എന്നാൽ ബിജെപി പ്രവർത്തകരെയും എതിർ സ്ഥാനാർത്ഥികളെയും ആശ്ചര്യപ്പെടുത്തിയ തോരോട്ടമായിരുന്നു പിന്നീട് മണ്ഡലത്തിൽ. 7 ഇടത്തും ഇടത് എം.എൽഎ മാരുള്ള മണ്ഡലത്തിൽ 6 ഉം ബിജെപിയ്ക്ക് ഒപ്പം നിന്നു. പ്രതീക്ഷിച്ചപോലെ തൃശ്ശൂർ നിയമസഭ മണ്ഡലത്തിലാണ് ഉയർന്ന ഭൂരിപക്ഷം. 14117 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ മാത്രം സുരേഷ് ഗോപി നേടിയത്.