മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ സമ്മാനങ്ങളുമായാണ് ദിലീപ് മഹേഷിന്റെ വീട്ടിലേക്കെത്തിയത്.

കാറപകടത്തിലുണ്ടായ ഗുരുതര പരുക്കിൽ നിന്നും രക്ഷപ്പെട്ട് ജീവിതം തിരികെപിടിച്ച മഹേഷിനെ ദിലീപിന് നേരിട്ട് കാണണമെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. മഹേഷിന്റെ മിമിക്രി വിഡിയോകൾ ഏറെ ആസ്വദിക്കുന്ന താരം കൂടിയാണ് ദിലീപ്.

കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രശസ്ത സിനിമാ താരങ്ങളുടെയും ശബ്ദം അനുകരിച്ച് ശ്രദ്ധേയനായ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂർണതയോടെ മഹേഷ് അവതരിപ്പിക്കാറുണ്ട്. ‘വിക്രം’ സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി മഹേഷ് ഏവരെയും ഞെട്ടിച്ചിരുന്നു.

കൊല്ലം സുധിക്ക് ജീവൻ നഷ്ടപ്പെട്ട അപകടത്തിലാണ് മഹേഷ് കുഞ്ഞുമോൻ ബിനു അടിമാലി തുടങ്ങിയ താരങ്ങൾക്ക് ഗുരുതര പരിക്കുകൾ സംഭവിക്കുന്നത്. തുടർന്ന് മാസങ്ങളോളം നീണ്ടുനിന്ന ചികിത്സയിലൂടെയും ശസ്ത്രക്രിയകളിലൂടെയുമാണ് മഹേഷ് കുഞ്ഞുമോൻ ജീവിതം തിരിച്ചുപിടിച്ചത്.