വിജയകരമായ എട്ടാം വർഷത്തിലേക്ക്; ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിലീഷ് പോത്തൻ

ഒറ്റ സിനിമകൊണ്ട് മലയാള സിനിമയുടെ ദൃശ്യഭാഷ തിരുത്തിക്കുറിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. ദിലീഷ് പോത്തൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. “വിജയകരമായി മുന്നേറുന്നു,” എന്ന തലക്കെട്ടോടെയാണ് ഭാര്യ ജിംസിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും എട്ടാം വിവാഹവാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 2012 ലായിരുന്നു ഇരുവരുടെയും വിവാഹം.. ആഞ്ചലീന, എൽബിൻ എന്നിങ്ങനെ രണ്ടുമക്കളാണ്.

അടുത്തതായി നിർമ്മാതാവും സംവിധായകനുമായി ‘ജോജി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദിലീഷ് പോത്തൻ. ഏറ്റവും അടുത്തിറങ്ങിയ സിനിമ കഴിഞ്ഞ കൊല്ലം തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘ട്രാൻസ്’ ആണ്. ഇതിൽ അവറാച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിലീഷ് പോത്തനാണ്. ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രവും ഭാര്യയുമായി ഒരു ചെറിയ ബന്ധമുണ്ട്. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിൽ നായിക അപർണ ബാലമുരളി അവതരിപ്പിച്ച നായികയ്ക്കും ഭാര്യക്കും ജിംസി എന്നാണ് പേര്.

2010-ൽ പുറത്തിറങ്ങിയ ‘9 KK റോഡ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ദിലീഷിന്റെ തുടക്കം. തുടർന്ന് ’22 ഫീമെയിൽ കോട്ടയം’, ‘ടാ തടിയാ’, ഗാങ്ങ്സ്റ്റർ എന്നീ ചിത്രങ്ങളിൽ ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. ഏഴോളം ചിത്രങ്ങളിൽ ദിലീഷ് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ‘സാൾട്ട് ആന്റ് പെപ്പർ’ എന്ന ചിത്രത്തിലെ അഭിനയവും തുടക്കക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു.