നാളെ പ്രത്യേക നിയമ സഭാ സമ്മേളനം ചേരില്ല; ബജറ്റ് സമ്മേളനത്തില്‍ കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യും

നാളെ പ്രത്യേക നിയമ സഭാ സമ്മേളനം ചേരില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു. ജനുവരി 8ന് നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ കാര്‍ഷിക നിയമം സംബന്ധിച്ച ചര്‍ച്ചയും നടക്കുമെന്നും കൃഷിമന്ത്രി അറിയിച്ചു. നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ഗവര്‍ണര്‍ നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ സര്‍ക്കാരിന്റേതായ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നും മറ്റ് പ്രതിഷേധങ്ങളെ സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി വിമര്‍ശിച്ചിച്ചിരുന്നു.

കര്‍ഷകരുടെ സമരം ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമ സഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. ഇപ്പോള്‍ പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളുകയും ചെയ്തു. ഇതേ തുടര്‍ന്ന് നാളെ നിയമസഭാ സമ്മേളനം ചേരില്ല.

ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് എല്ലാ ഭാഗത്തുനിന്നും ഉയരുന്നത്. ഗവര്‍ണര്‍ തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുകയാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്തു ചര്‍ച്ച ചെയ്യണമെന്ന് മന്ത്രിസഭയാണ് തീരുമാനിക്കുന്നതെന്നും ഗവര്‍ണറല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.