റിസോര്‍ട്ടിന് ലൈസന്‍സ് കിട്ടാൻ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു, പണം കൈമാറുന്നതിനിടെ ജില്ലാ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ വിജിലൻസിന്റെ പിടിയിൽ

ആലപ്പുഴ : റിസോര്‍ട്ടിന് ലൈസന്‍സ് ലഭിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട ആലപ്പുഴ ജില്ലാ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.ജെ ഹാരിസ് വിജിലൻസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശി യു. മണിയിൽ നിന്നും കെെക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് പിടിയിലായത്. റിസോർട്ടിന്റെ ലെെസൻസിനായി ഓൺലെെൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം നടപടിയൊന്നും ഇല്ലാത്തതിനാൽ മണി ഓഫീസിൽ എത്തി വിവരം തിരക്കി.

ഇവിടെവെച്ചാണ് ഹാരിസ് ലൈസന്‍സ് ലഭിക്കുന്നതിനായി മണിയിൽ നിന്നും 10000 രൂപ കെെക്കൂലി ആവശ്യപ്പെട്ടത്. പിന്നാലെ വിവരം മാണി വിജിലൻസിനെ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഹാരിസ് ആവശ്യപ്പെട്ട തുകയുടെ മുൻകൂറായി 2000 രൂപ നൽകുന്നതിനിടെ ഇയാളെ വിജിലൻസ് പിടികൂടുകയായിരുന്നു.

അതേസമയം കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസിസ്റ്റന്‍ഡിന് രണ്ട് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു . പാലക്കാട് ചളവറ വില്ലേജ് അസിസ്റ്റന്‍ഡായിരുന്ന വി ജെ വിത്സനെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി അനില്‍ ശിക്ഷിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം. സര്‍വേ നമ്പരിലെ തെറ്റ് തിരുത്താന്‍ 3000 കൈക്കൂലി ചോദിച്ചതില്‍ 2000 രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരു മാസം അനുവദിച്ചിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റായിരുന്ന വി ജെ വിത്സനെ രണ്ട് ദിവസങ്ങളിലായി 3,000 രൂപ കൈക്കൂലി വാങ്ങിയതിനും വില്ലേജ് രേഖകളില്‍ കൃത്രിമം കാണിച്ചതിനും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.