കൊവിഡ് നിയന്ത്രണം ലംഘിച്ച് ഡിജെ പാര്‍ട്ടി; ആയിരത്തിലധികം പേര്‍ പങ്കെടുത്തു

തിരുവനന്തപുരം പൊഴിയൂരില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് ഡിജെ പാര്‍ട്ടി. ആയിരത്തിലധികം പേരാണ് പതിമൂന്ന് മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പങ്കെടുത്തത്. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്തു. ഫ്രീക്ക്‌സ് എന്ന ഒരു ക്ലബ്ബാണ് ഡിജെ പാര്‍ട്ടി നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പൊഴിയൂര്‍ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയിരുന്നില്ല.

ബീച്ചില്‍ തുറന്ന സ്ഥലത്ത് സംഘടിപ്പിച്ച പരിപാടി ആയിരുന്നിട്ടും തുടക്കത്തില്‍ പോലീസ് ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നില്ല. പരിപാടി അവസാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷം പല ഭാഗങ്ങളില്‍ നിന്നായി പരാതി ശക്തമായതിനു ശേഷമാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തയ്യാറായത്. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊഴിയൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.